ഇഡലിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ: വാഴയിലയിൽ തെളിഞ്ഞ രുചിയുടെയും ചരിത്രത്തിന്റെയും കഥ
Saturday, October 11, 2025 5:18 PM IST
ദക്ഷിണേന്ത്യൻ തീൻമേശയിലെ പ്രിയങ്കരനായ ഇഡലിയെ ആദരിച്ചുകൊണ്ട് ഗൂഗിൾ ഡൂഡിൽ അവതരിപ്പിച്ചത് ഭക്ഷണപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം അതിന്റെ മൃദുത്വവും സ്വാദും കാരണം തലമുറ ഭേദമില്ലാതെ എല്ലാവരുടെയും ഇഷ്ടവിഭവമാണ്. ചൂടുള്ള സാമ്പാറും, നെയ്യും, തേങ്ങാച്ചമ്മന്തിയും, പലതരം ചട്ണികളുമൊക്കെ ചേർത്താണ് സാധാരണയായി ഇഡലി വിളമ്പാറുള്ളത്.
ദക്ഷിണേന്ത്യൻ വീടുകളിൽ ഭക്ഷണം വിളമ്പാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന വാഴയിലയുടെ രൂപത്തിലാണ് ഡൂഡിൽ ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ എന്നെഴുതിയ ഓരോ അക്ഷരത്തിലും ഇഡലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ആദ്യത്തെ G ഇഡലിയുടെ പ്രധാന ചേരുവയായ അരി ധാന്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഒരു പാത്രത്തിലെ വെളുത്ത മാവും, പരമ്പരാഗത ചെമ്പിലെ ഇഡലി മാവും O അക്ഷരങ്ങളിലൂടെ കാണിക്കുന്നു. വേവിച്ചെടുത്ത ഇഡലികൾ അടുത്ത G ആയി മാറുന്നു, വിവിധതരം ചട്ണികൾ L ന്റെ രൂപം നൽകുന്നു, കൂടാതെ E ഒരു സൈഡ് ഡിഷിനെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇഡലിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്. നിരവധി കഥകളും സിദ്ധാന്തങ്ങളുമാണ് ഈ വിഭവത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. ഇഡലി ഇന്ത്യയിലെത്തിയത് ഇന്തോനേഷ്യയിൽ നിന്നായിരിക്കാമെന്നാണ് ഭക്ഷണ ചരിത്രകാരനായ കെ.ടി. അച്ചായയെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നത്.
ഇന്തോനേഷ്യയിലെ "കെഡി' എന്ന വിഭവത്തിന്റെ ആദ്യരൂപമാണ് ഇന്ത്യൻ ഇഡലിയായി പരിണമിച്ചത്. പണ്ടുകാലത്തുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളിലൂടെയോ, കപ്പലുകളിലെ പാചകക്കാർ വഴി ലഭിച്ച പാചകരീതിയിലൂടെയോ ആവാം ഈ വിഭവം ദക്ഷിണേന്ത്യയിൽ പ്രചാരത്തിലായതെന്നാണ് ഈ സിദ്ധാന്തം അനുമാനിക്കുന്നത്.
ദക്ഷിണേന്ത്യൻ തീരങ്ങളിൽ എത്തിച്ചേർന്ന അറബ് വ്യാപാരികൾക്ക് ഈ വിഭവം ഉണ്ടാക്കുന്നതിൽ പങ്കുണ്ടെന്നാണ് മറ്റൊരു നിഗമനം. എല്ലായ്പ്പോഴും ഹലാൽ ഭക്ഷണം ലഭ്യമാകാത്ത സാഹചര്യത്തിൽ അവർ തേങ്ങാച്ചമ്മന്തിക്കൊപ്പം ആവിയിൽ വേവിച്ചെടുത്ത അരിയുണ്ടകൾ കഴിക്കാൻ തുടങ്ങി. ഇത് ഇഡലിയുടെ രൂപീകരണത്തിന് കാരണമായി.
ഭക്ഷ്യ ചരിത്രകാരനായ കുരുഷ് ദലാൽ പറയുന്നത്, ദക്ഷിണേന്ത്യയിൽ ഏകദേശം മൂവായിരം വർഷത്തെ പഴക്കം മാത്രമേ അരി കൃഷിക്കുള്ളൂ എന്നാണ്. അതിനാൽ അരി പ്രധാന ചേരുവയായ ഇഡലിക്ക് അതിനേക്കാൾ പഴക്കം ഉണ്ടാവാൻ സാധ്യതയില്ല. അരിമാവ് പുളിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന രീതി പിന്നീട് വികസിച്ചു വന്നതാണെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൊണ്ടു തന്നെ, ഇന്ന് നാം കഴിക്കുന്ന രൂപത്തിലുള്ള ഈ വിഭവം നിലവിൽ വന്നിട്ട് അത്രയേറെ കാലമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്തുതന്നെയായാലും ലഘുവായതും പോഷകഗുണങ്ങളുള്ളതുമായ ഇഡലി ഇന്ന് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രഭാതഭക്ഷണ പട്ടികയിൽ ഒരു സ്ഥിരം താരമായി മാറിയിട്ടുണ്ട്.