ചിറക് തകർന്നെങ്കിലും യാത്ര തുടരും: മൊണാർക്ക് ശലഭത്തിന് പ്രതീക്ഷയേകി അപൂർവ ശസ്ത്രക്രിയ
Thursday, October 9, 2025 2:14 PM IST
അത്യപൂർവമായ ചിറകുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഒരു മൊണാർക്ക് ശലഭത്തിന് പറക്കാനുള്ള കഴിവ് തിരികെ നൽകിയിരിക്കുകയാണ് ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള സ്വീറ്റ്ബ്രിയാർ നേച്ചർ സെന്ററിലെ രക്ഷാപ്രവർത്തകർ. കനിവും വൈദഗ്ധ്യവും ഒത്തുചേർന്ന ഈ അവിശ്വസനീയമായ സംഭവത്തിന്റെ വീഡിയോ, സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയും ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
ചിറക് തകർന്ന് പറക്കാൻ സാധിക്കാതെ വന്ന ശലഭത്തെ ഒരാൾ നേച്ചർ സെന്ററിൽ എത്തിച്ചു. ചികിത്സ നൽകിയില്ലെങ്കിൽ അതിജീവിക്കാൻ സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചുപോയ മറ്റൊരു ശലഭത്തിന്റെ ചിറക് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ സെന്ററിലെ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ ഡയറക്ടറായ ജാനൈൻ ബെൻഡിക്സൺ തീരുമാനിച്ചത്.
"മരണപ്പെട്ട ഒരു ശലഭത്തിന്റെ ചിറകാണ് ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. തകർന്ന ചിറകിന് കൃത്യമായി യോജിക്കുന്ന വിധത്തിൽ അത് ശ്രദ്ധയോടെ ഒട്ടിച്ചു ചേർത്ത് ശസ്ത്രക്രിയ നടത്തി'യെന്ന് സെന്റർ അധികൃതർ വിശദീകരിച്ചു.
ഈ നടപടിക്രമത്തിന് വെറും അഞ്ച് മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. പശ പരക്കാതിരിക്കാനായി കോൺ സ്റ്റാർച്ച് ഉപയോഗിക്കുകയും, ശലഭത്തെ ചലിക്കാതെ നിർത്താൻ ഒരു ചെറിയ കമ്പി ഉപയോഗിച്ച് ശ്രദ്ധയോടെ പിടിക്കുകയും ചെയ്തു. ശലഭങ്ങളുടെ ചിറകിന്റെ അറ്റത്ത് നാഡീവ്യവസ്ഥയോ രക്തയോട്ടമോ ഇല്ലാത്തതിനാൽ ഈ പ്രക്രിയയിലൂടെ വേദനയെടുക്കില്ല.
ശസ്ത്രക്രിയ പൂർത്തിയായ ശേഷം, മാറ്റി സ്ഥാപിച്ച ചിറകുമായി മൊണാർക്ക് ശലഭം പറന്നുയരുന്നത് വികാരനിർഭരമായ കാഴ്ചയായിരുന്നു. "ഇത്രയും ചെറിയ ഒരത്ഭുതത്തിന് ജീവിതത്തിലേക്കും അതിന്റെ യാത്ര പൂർത്തിയാക്കാനും വീണ്ടും അവസരം ലഭിക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു', രക്ഷാപ്രവർത്തകരിൽ ഒരാൾ കുറിച്ചു.
ശലഭത്തിന് മാറ്റി സ്ഥാപിച്ച ചിറകാണ് ഉള്ളതെന്ന് ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൊണാർക്ക് ശലഭങ്ങൾ വടക്കേ അമേരിക്കയിലുടനീളം ആയിരക്കണക്കിന് മൈലുകൾ താണ്ടി മെക്സിക്കോയിലേക്കും പടിഞ്ഞാറൻ യു.എസ്സിലെ ശൈത്യകാല താവളങ്ങളിലേക്കും നടത്തുന്ന ദേശാടനം പ്രകൃതിയിലെ ഏറ്റവും വലിയ വിസ്മയങ്ങളിൽ ഒന്നാണ്.
സൂര്യന്റെ സ്ഥാനം, ഭൂമിയുടെ സ്ഥാനം, ജന്മസിദ്ധമായ ഉൾവിളികൾ എന്നിവ ഉപയോഗിച്ചാണ് അവ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് വഴി കണ്ടെത്തുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, രക്ഷാപ്രവർത്തകരുടെ മനുഷ്യത്വപരമായ ഇടപെടലിന് ലോകമെമ്പാടുമുള്ളവർ പ്രശംസ അറിയിച്ചു.
"നിങ്ങളാണ് ഏറ്റവും നല്ല മനുഷ്യർ", "ചെറിയ ജീവനുകൾക്ക് പോലും നിങ്ങൾ നൽകുന്ന മൂല്യം വലുതാണ്" എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. ഈ ശസ്ത്രക്രിയ എങ്ങനെ വിജയിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, പശ ഉപയോഗിച്ച് ചിറക് ഒട്ടിക്കുമ്പോൾ ബാലൻസ് തെറ്റില്ലേയെന്നും ചിലർ അത്ഭുതം പ്രകടിപ്പിച്ചു.
ഈ ശസ്ത്രക്രിയയിലൂടെ തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രൊഫഷണലുകളിൽ നിന്നും കോളുകൾ ലഭിക്കാൻ കാരണമായെന്നും, പ്രതീക്ഷ നൽകുന്ന നീക്കമാണിതെന്നും ജാനൈൻ ബെൻഡിക്സൺ അഭിപ്രായപ്പെട്ടു.
വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ പട്ടികയിലേക്ക് മൊണാർക്ക് ശലഭങ്ങൾ അടുക്കുന്ന സാഹചര്യത്തിൽ, ഓരോ ജീവനും പ്രാധാന്യമുണ്ടെന്ന വലിയ സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.