തുർക്കിയിലെ ഒരു നഗരത്തിൽ എല്ലാവരും കിറുങ്ങി നടക്കുന്നു; കാരണം പോലീസ്
Friday, May 9, 2025 12:06 PM IST
ഒരു നഗരത്തിലെ എല്ലാവർക്കും ഒരുമിച്ച് കഞ്ചാവ് വലിച്ചു. എല്ലാവരും ഒരേ സമയം മയങ്ങിയും കിറുങ്ങിയും നടന്നു. ഇതിന് അവസരമൊരുക്കിയതോ പോലീസും. സംഭവം തുർക്കിയിലാണ്. തുര്ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിൽ അടുത്തിടെ പോലീസ് കഞ്ചാവ് വേട്ട നടത്തിയിരുന്നു. അങ്ങനെ ഏകദേശം 20 ടണ്ണോളം കഞ്ചാവ് പിടിച്ചെടുത്തു. ഇത്രയും കഞ്ചാവൊക്കെ എങ്ങനെ സൂക്ഷിക്കും.
ഇതിനൊരു പരിഹാരം കാണണമല്ലോ. അങ്ങനെ അവർ ഇതു കത്തിച്ചു കളായാം എന്ന തീരുമാനത്തിലേക്കെത്തി. പക്ഷേ, കത്തിക്കാനെടുത്ത സ്ഥലം അത്ര ശരിയായില്ല. അതാണ് പണി പാളാൻ കാരണമായത്. ഒരു സുരക്ഷയും ഒരുക്കാതെയാണ് കഞ്ചാവ് കത്തിച്ചത്. സാധാരണയായി ഇത്തരമെന്തെങ്കിലും ആവശ്യത്തിന് സ്ഥലം തെരഞ്ഞെടുക്കുന്നത് നഗരത്തിനു പുറത്തോ നഗരാതിർത്തിയിലോ ആണ്. പക്ഷേ, തുർക്കി പോലീസ് നഗര മധ്യത്തിലിട്ടാണ് കത്തിച്ചത്. ഇതോടെയാണ് നഗരം കഞ്ചാവ് പുകയിൽ മുങ്ങിയത്. നരഗമാകട്ടെകുന്നുകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശവുമായിരുന്നു.
ലൈസ് നഗരത്തിൽ ആകെ 25,000 മാണ് ജനസംഖ്യ. ജനങ്ങൾ പുക നിറയുന്നതു കണ്ടതോടെ വീടിനകത്തു കയറി ജനലും വാതിലുമൊക്കെ അടച്ചു. പക്ഷേ, പുക ദിവസങ്ങളോളം അന്തരീക്ഷത്തിൽ തങ്ങി നിന്നതോടെ ആളുകൾക്ക് അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങി. ചിലർക്ക് മയക്കം, ചിലർക്ക് ക്ഷീണം, ചിലർക്ക് തലകറക്കം, ഓക്കാനം എന്നിവയെല്ലാം അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ കുറേപ്പേർ ആശുപത്രിയിലുമായി. ഏകദേശം 10 ബില്യൺ ടർക്കിഷ് ലിറ (ഏകദേശം 2,215 കോടി രൂപ) വിലവരുന്നതാണ് കത്തിച്ച് കളഞ്ഞ കഞ്ചാവ്.