സഹപ്രവർത്തകയെ ഫ്രീസിംഗ് റൂമിൽ അടച്ചു, തമാശയ്ക്കു ചെയ്തതാണെന്നു മറുപടി
Thursday, May 8, 2025 5:17 PM IST
എസിയുടെ തണുപ്പു പോലും അൽപ്പം കൂടുതലായാൽ സഹിക്കാൻ പറ്റാത്തവരാണല്ലേ പലരും. അപ്പോൾ ഒരു ഫ്രീസിംഗ് യൂണിറ്റിൽ അകപ്പെട്ടു പോയാലോ. എന്റമ്മോ ചിന്തിക്കാൻ പോലും പറ്റില്ലാലേ. ദക്ഷിണ ചൈനയിൽ ഇക്കഴിഞ്ഞയിടെ ഒരു യുവതിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഹപ്രവർത്തകൻ തമാശയ്ക്കു ചെയ്ത കാര്യമാണെന്നൊക്കെ വിശദീകരണങ്ങൾ വരുന്നുണ്ടെങ്കിലും യുവതിയോട് ചെയ്തത് ക്രൂരത തന്നെയാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ജിയാങ്ങിലുള്ള ഒരു ബേക്കറിയിലാണ് യുവതി ജോലി ചെയ്യുന്നത്. മാർച്ച് 31 ന് മോമോ എന്നു പേരുള്ള വനിതാ ജീവനക്കാരി എന്തോ ആവശ്യത്തിനായി ഫ്രിസീംഗ് സ്റ്റോറേജിൽ കയറി. അവർ വാതിൽ പൂർണമായും അടയ്ക്കാതെയാണ് അകത്തു കയറുന്നത്.
പക്ഷേ, അതിനു പിന്നാലെ മറ്റൊരു ജീവനക്കാരൻ വന്ന് വാതിൽ പൂർണമായും അടച്ചു. അതിനുശേഷം അയാൾ അവിടെ നിന്നും ഓടിപ്പോയി. ഇടയ്ക്കു വന്നു നോക്കുകയും ചെയ്തു. ഈ സമയത്തൊക്കെ യുവതി വാതിൽ തട്ടി തന്നെ തുറന്നു വിടാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, അയാൾ തുറന്നു വിട്ടില്ല. ഫ്രീസിംഗ് യൂണിറ്റിലെ തണുപ്പ് 18 ഡിഗ്രിയായിരുന്നു. സഹികെട്ട് അവർ തന്റെ കയ്യിലെ മൊബൈൽ ഉപയോഗിച്ച് ബോസിനെ വിളിച്ചു. ബോസ് പോലീസിനെ വിളിച്ച് അവർ എത്തിയാണ് റൂം തുറന്നു കൊടുത്തത്. ജീവനക്കാരൻ പോലീസിനോട് ക്ഷമാപണം നടത്തി. തെറ്റുപറ്റിപ്പോയിയെന്നും തമാശയ്ക്ക് ചെയ്തതാണെന്നുമാണ് പറഞ്ഞത്. എന്നാൽ, താൻ ആകെ ഭയന്നു പോയിയെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നുമാണ് മോമോയുടെ ആവശ്യം.