ഒരുമിച്ചൊന്നു ഭക്ഷണം കഴിക്കാൻ പോയതിന് ഇങ്ങനെയൊക്കെ തല്ലാമോ?
Saturday, May 3, 2025 11:45 AM IST
കാമുകനും കാമുകിയും പുറത്തു പോകുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ പോകുന്നതുമൊക്കെ സ്വാഭാവികമായ നടപടികളാണ്. പക്ഷേ, പലരുടെയും പ്രേമത്തിനും ബന്ധത്തിനും മാതാപിതാക്കളാകും വില്ലന്മാരായി നിൽക്കുന്നത്. അവർ പുറത്തു വെച്ചെങ്ങാനും കാമുകനെയും കാമുകിയെയും കണ്ടാൽ പ്രതികരിക്കുന്നതു പോലും പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കും. അങ്ങനെയൊരു സംഭവം ഉത്തർപ്രദേശിലെ കാൺപൂരിലുണ്ടായി.
ചൗമിൻ എന്ന ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു 21 വയസ്സുള്ള യുവാവും 19 വയസ്സുള്ള കാമുകിയും. മകനും കാമുകിയും പരസ്യമായി ചൗമിൻ കഴിക്കുന്നത് മാതാപിതാക്കൾ കണ്ടതോടെ ഇരുവരെയും പിടികൂടി മർദ്ദിച്ചു.
ഗുജൈനി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള രാംഗോപാൽ കവലയിലാണ് സംഭവം നടന്നത്. രോഹിതും കാമുകിയും ഭക്ഷണം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ, അവരുടെ ബന്ധത്തിന് എതിരായ മാതാപിതാക്കൾ സ്ഥലത്തെത്തി ഇരുവരെയും മർദ്ദിക്കാൻ തുടങ്ങി.
സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരുവരെയും രോഹിതിന്റെ അമ്മ സുശീല ഇടിക്കുന്നതും കാണാം. പ്രദേശവാസികളും വഴിയാത്രക്കാരും ഇരുവരെയും വേർപെടുത്താൻ ശ്രമിക്കുമ്പോൾ അവർ 19 കാരിയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. അതേസമയം, രോഹിതിന്റെ അച്ഛൻ ശിവ്കരൻ രോഹിതിനെ സ്ലിപ്പർ കൊണ്ട് അടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.
"പോലീസ് ഇരു കക്ഷികളെയും കൗൺസിലിംഗ് നടത്തിയ ശേഷം പറഞ്ഞു വിട്ടു. ആവശ്യമായ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് ലോക്കൽ പോലീസ് പറയുന്നത്.