ചൈനക്കാർ ആനപ്പിണ്ടവും തിന്നും! "ആനപ്പിണ്ടം ഐസ്ക്രീം' വില 45,400 രൂപ
Monday, April 28, 2025 12:45 PM IST
ചൈനക്കാരുടെ ഭക്ഷണരീതികൾ പലർക്കും അറപ്പുളവാക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റിൽ ചൈനക്കാർ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയെക്കുറിച്ചറിഞ്ഞവർ തലയിൽ കൈവച്ചുപോയെന്നാണു റിപ്പോർട്ട്. ഈ ഐസ്ക്രീമിൽ ചേർക്കുന്ന പല സാധനങ്ങളിൽ ഒന്ന് ആനപ്പിണ്ടം ആണ്.
അണുനശീകരണം നടത്തിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ലേറ്റിൽ വിതറിയശേഷം മുകളിൽ ഐസ്ക്രീം വിളന്പുന്നു. ഇതിനൊപ്പം തേനും ഔഷധച്ചെടികളും പൂക്കളും പ്ലേറ്റിൽ വയ്ക്കുന്നു. ജാം, പൂന്പൊടി എന്നിവയും ഐസ്ക്രീമിനൊപ്പം ചേർക്കുന്നുണ്ട്.
ചൈനീസ് ഫുഡ് വ്ളോഗർ ആണ് "ആനപ്പിണ്ടം ഐസ്ക്രീം' ഇന്റർനെറ്റിൽ പരിചയപ്പെടുത്തിയത്. റസ്റ്ററന്റിൽ ആളുകൾ ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്നത് വീഡിയോയിൽ കാണാം. ആനകൾക്ക് പ്രത്യേകയിനത്തിൽപ്പെട്ട സസ്യങ്ങൾ മാത്രം നൽകി ശേഖരിക്കുന്ന പിണ്ടമാണ് ഐസ്ക്രീം നിർമാണത്തിനുപയോഗിക്കുന്നത്. ആനപ്പിണ്ടമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരു പ്ലേറ്റ് ഐസ്ക്രീമിന് 45,400 രൂപയാണു വില!
25,000 രൂപയിലേറെ വിലവരുന്ന "വെരുക് കാപ്പി' ആണ് ചൈനയിലെ മറ്റൊരു പുതിയ വിഭവം. വെരുകിന് കാപ്പിക്കുരു കഴിക്കാൻ കൊടുത്തശേഷം ശേഖരിക്കുന്ന കാഷ്ഠത്തിൽനിന്നാണ് കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. 25,000 രൂപയിലേറെ വിലവരും ഒരു കിലോഗ്രാം വെരുക് കാപ്പിക്ക്.