ഭർത്താവ് കാർ ഓടിക്കുന്പോൾ ബോണറ്റിൽ ഭാര്യയുടെ നൃത്തം!
Thursday, April 24, 2025 4:47 PM IST
ഭർത്താവ് കാർ ഓടിക്കുന്പോൾ ഭാര്യ ബോണറ്റിൽ കയറിനിന്നു നൃത്തം ചെയ്യുകയും മടിയിൽ കിടക്കുകയും ചെയ്യുന്ന വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദന്പതികൾക്ക് എട്ടിന്റെ പണി.
പൊതുജനസുരക്ഷയ്ക്കു ദോഷമുണ്ടാക്കുന്ന രീതിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) ഇവർക്കു 22,500 രൂപ പിഴ വിധിച്ചു. കാർ രജിസ്റ്റർ ചെയ്തിരുന്നത് ഉപേന്ദ്ര സിംഗ് ചൗഹാൻ എന്നയാളുടെ പേരിലായിരുന്നു. ഇയാൾക്കും കിട്ടി 5,000 രൂപയുടെ പിഴശിക്ഷ.
കാൺപുരിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിലാണു ദന്പതികൾ വീഡിയോ ചിത്രീകരിച്ചത്. അപകടകരമായ ഇത്തരം വീഡിയോ ചിത്രീകരണങ്ങൾക്കെതിരേ അധികൃതർ നടപടികൾ എടുക്കാറുണ്ടെങ്കിലും ഒരു കുറവും ഉണ്ടാകുന്നില്ല. അടുത്തനാളിൽ പഞ്ചാബിലെ ലുധിയാനയിൽ രണ്ടു യുവതികൾ തിരക്കേറിയ ഒരു റോഡിൽ ഡാൻസ് കളിച്ചു വീഡിയോ എടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വൻവിമർശനമാണ് ഇവർക്കെതിരേ ഉയർന്നത്.