സ്ഥിരതയുള്ള ജോലി വേണം അഭിനയം ഉപേക്ഷിച്ചു; റസ്റ്ററന്റിലെ ജോലി സമാധാനം തരുന്നെന്നു നടി
Thursday, April 24, 2025 12:29 PM IST
അഭിനയമെന്നത് സ്ഥിരതയുള്ള ജോലി അല്ലെന്നും നല്ലൊരു സിനിമക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാൽ അഭിനയം ഉപേക്ഷിച്ചെന്നും ഹോംകോംഗിൽ നിന്നുള്ള യു മിയാവോ എന്ന നടി. ഇപ്പോൾ നടി ഒരു റസ്റ്ററന്റിലാണ് ജോലി ചെയ്യുന്നത്. 2023 ലാണ് ഇവർ ജോലി ഉപേക്ഷിക്കുന്നത്. മാഗി യു മിയാവോ എന്നാണ് നടിയുടെ യഥാർഥ പേര്.
ചൈനയിലെ ഡോങ്ഗുവാനിൽ ഒരു റെസ്റ്റോറന്റിലാണ് വെയിട്രസ്സായി നടി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തെ അനുഭവങ്ങളും സംഭവങ്ങളുമൊക്കെ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയിൽ നടി തണ്ണിമത്തൻ മുറിക്കുന്ന ദൃശ്യങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. ഒരു ദിവസം 30 തണ്ണിമത്തൻ അരിഞ്ഞുവെന്നും അതിന് 150 യുവാൻ പ്രതിഫലം ലഭിച്ചുവെന്നും അവർ പറയുന്നുണ്ട്. ടേബിൾ സെറ്റ് ചെയ്തപ്പോൾ 180 യുവാനാണ് നടി നേടിയത്.
ഇതിനിടയിൽ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മെസേജുകളും വരാറുണ്ട്. അതിലൊന്നിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിരുന്നു. സന്ദേശത്തിൽ പറയുന്നത് നിങ്ങൾക്ക് പറ്റിയ ഒരു റോളുണ്ട്. 500 യുവാനാണ് പ്രതിഫലം വരാമോ എന്നാണ്. പക്ഷേ, മിയാവോയ്ക്ക് ഇതിനു താൽപര്യമില്ല. ഇപ്പോൾ ചെയ്യുന്ന ജോലി സമാധാനം നൽകുന്നുണ്ടെന്നാണ് അവർ പറയുന്നത്.
ഇപ്പോൾ ചെയ്യുന്ന ജോലിയിൽ അഭിനയ ജീവിതത്തേക്കാൾ താൻ സംതൃപ്തയാണെന്നും പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും സ്ഥിരതയുള്ള ജോലി ചെയ്യാനും സാധിക്കുന്നുണ്ടെന്നാണ് അവൾ പറയുന്നത്. നിലവിലെ കാര്യങ്ങൾ തനിക്കു തന്നെ മാനേജ് ചെയ്യാവുന്ന വിധത്തിലാണെന്നും അവൾ പറയുന്നു.
അഭിനയത്തിൽ യാതൊരു സ്ഥിരതയും ഇല്ല. ഒരു റോളിന് വേണ്ടി ചിലപ്പോൾ ആറ് മാസം ഒക്കെയാണ് കാത്തിരിക്കേണ്ടി വരുന്നതാണ് പ്രശ്നമെന്നും അവർ അഭിപ്രായപ്പെടുന്നു. മിസ് ചൈന ഇന്റർനാഷണൽ മത്സരത്തിൽ ഫൈനലിസ്റ്റായ ശേഷം, 2012 -ലാണ് യു മിയാവോ ഹോങ്കോംഗ് ബ്രോഡ്കാസ്റ്റർ ടിവിബിയിൽ ചേരുന്നത്. ഗോസ്റ്റ് ഓഫ് റിലേറ്റിവിറ്റി, മൈ ലവർ ഫ്രം ദി പ്ലാനറ്റ് മ്യാവൂ തുടങ്ങിയ ടിവി ഷോകളിലെ വേഷങ്ങളിലൂടെയാണ് യു കൂടുതൽ പ്രശസ്തയായത്.