മെഹന്തി ആഘോഷവും കഴിഞ്ഞു, ഭക്ഷണവും കഴിച്ചു; 15,000 രൂപ തന്നിട്ട് പോണമെന്ന് വധു
Wednesday, April 23, 2025 11:11 AM IST
വിവാഹം ഉറപ്പിക്കുന്പോൾ മുതൽ ഇന്ന് ആഘോഷങ്ങളാണ്. കൂട്ടുകാർക്കൊപ്പം, വീട്ടുകാർക്കൊപ്പം എന്നിങ്ങനെ ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മെഹന്തി ആഘോഷം വിവാഹ ആഘോഷത്തിന്റെ പ്രാധാനപ്പെട്ട ഭാഗമാണ്.
പക്ഷേ, മെഹന്തി ആഘോഷത്തിലെ വിചിത്രമായ ഒരു കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഘോഷത്തിനെത്തിയവരോട് വധു 15,000 രൂപ വീതം ആവശ്യപ്പെട്ടതാണ് വൈറലായത്. ചടങ്ങിൽ പങ്കെടുത്ത വധുവിന്റെ സുഹൃത്താണ് ഈ വിചിത്ര സംഭവം റെഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്.
വധു തന്റെ സുഹൃത്തുക്കൾക്കായി ഒരു ആഢംബര റസ്റ്ററന്റിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അതിലേക്ക് പോസ്റ്റിട്ട സുഹൃത്തിനെയും ക്ഷണിച്ചിരുന്നു. മെഹന്തി ആഘോഷമായിരുന്നു ഒരുക്കിയിരുന്നത്. സഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ചുള്ള ആഘോഷവും മുന്തിയിനം മദ്യവും ഷാംപെയിനും വില കൂടിയ ഭക്ഷണ വിഭവങ്ങളുമൊക്കെ ഒരുക്കിയുള്ള ആഘോഷം. സുഹൃത്തുക്കളെല്ലാം വധുവിന്റെ ആഘോഷത്തിനൊപ്പം ചേർന്നു. എല്ലാവരും വിഭവങ്ങളെല്ലാം കഴിച്ചു.
ഇതെല്ലാം കഴിഞ്ഞ് എല്ലാവരും നല്ലൊരു ആഘോഷത്തിന്റെ മൂഡിൽ നിൽക്കുന്പോഴാണ് വധു അക്കാര്യം പറയുന്നത്. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരും 15,000 രൂപ നൽകണം. ആവശ്യം കേട്ട എല്ലാവരും ഞെട്ടി. തന്റെ കയ്യിൽ പണമില്ലായിരുന്നുവെന്നും വധുവിന്റെ ആവശ്യം തനിക്ക് വലിയ നിരാശ നൽകിയെന്നും യുവതി കുറിപ്പിൽ പറയുന്നു.