ഒരു ക്ഷണക്കത്ത്, ഒരു വേദി, ആറ് കല്യാണം; ചെലവ് ചുരുക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?
Tuesday, April 22, 2025 2:39 PM IST
വിവാഹ ദിനത്തിലെ കൗതുകങ്ങൾക്ക് ഒരിക്കലും അവസാനമില്ല. ഹരിയാനയിൽ നിന്നുള്ള ഒരു വലിയി വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആഘോഷങ്ങൾക്ക് ഒട്ടും കുറവു വരുത്താതെ വിവാഹങ്ങൾ പൊടിപൊടിക്കുന്ന കാലത്താണ് ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിവാഹ വാർത്തയുടെ പ്രാധാന്യം.
ഒരു കുടുംബത്തിലെ ആറ് പേരുടെ വിവാഹമാണ് ഒരുമിച്ച് നടന്നത്. ഗവാർ ഗ്രാമത്തിലെ രാജേഷ്പുനിയ, അമർ സിംഗ് പുനിയ എന്നീ കർഷക സഹോദരന്മാരുടെ മക്കളാണ് ഒരേ ദിവസം വിവാഹിതരായത്.
ഏപ്രിൽ 18 നായിരുന്നു പുനിയ കുടുംബത്തിലെ രണ്ട് ആൺമക്കളുടെ വിവാഹം. പിറ്റേ ദിവസം നാല് പെൺകുട്ടികളുടെ വിവാഹവും നടത്തി. അങ്ങനെ രണ്ട് ദിവസം നീണ്ടു നിന്ന ആഘോഷം. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാരണം ഒരു ഉത്സവം പോലെയായിരുന്നു വിവാഹ ആഘോഷങ്ങൾ.
"ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്, ഞങ്ങളുടെ കുട്ടികളും ഒരുമിച്ച് വളർന്നു. ഇപ്പോൾ അവർ ആറു പേരും ഒരുമിച്ച് വിവാഹ ജീവിതത്തിലേക്കും ഒരുമിച്ച് പ്രവേശിക്കുന്നു. എന്നാണ് രാജേഷ് പുനിയ പറഞ്ഞത്. ആറ് വിവാഹങ്ങൾക്കും വേണ്ടി ഒരൊറ്റ ക്ഷണക്കത്താണ് അച്ചടിച്ചത്. എല്ലാ ചടങ്ങുകളും ഒരേ വേദിയിൽ തന്നെ ആയിരുന്നു. ഇവിടെ അടുത്തടുത്തായി ആറ് മണ്ഡപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. അതുപോലെ കാറ്ററിംഗ്, ഡെക്കറേഷൻ എന്നിവയുടെ ചെലവും ചുരുക്കി.
ഇങ്ങനെ ഒരുമിച്ച് ഒരു വിവാഹം നടത്തിയത് തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ലാഭിച്ചു തന്നുവെന്നും .ഓരോ വിവാഹവും വെവ്വേറെ നടത്തിയിരുന്നെങ്കിൽ ചെലവ് വളരെ കൂടുതലാകുമായിരുന്നു എന്നാണ് അമർ സിംഗ് പുനിയ പറഞ്ഞത്.