നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിച്ച് റീൽ ചിത്രീകരണം! യുവാവിനെ പൊക്കി പോലീസ്
Monday, April 21, 2025 4:08 PM IST
എന്തായാലം മദ്യപിക്കുകയല്ലേ എങ്കിൽപ്പിന്നെ നാലാള് അറിഞ്ഞു തന്നെ മദ്യപിച്ചേക്കാം എന്നങ്ങു തീരുമാനിച്ചു. പിന്നെ ഒന്നും നോക്കിയില്ല. തിരക്കേറിയ ബംഗളൂരു നഗരത്തിലെ റോഡുകളിലൊന്നിൽ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്.
കലാസി പല്യ എസ് ജെ പാർക്ക് റോഡിലിരുന്നാണ് യുവാവിന്റെ റീൽ വിനോദം. റീല്‍ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചിരുന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരേ പോലീസ് കേസെടുത്തു. അതേസമയം, അന്വേഷണത്തിൽ യുവാവിന്റെ കൈയിലുണ്ടായിരുന്ന ഗ്ലാസിൽ ചായയായിരുന്നുവെന്ന് പോലീസ് പറയുന്നു.
യുവാവിന്റെ വീഡിയോ ബംഗളൂരു പോലീസ് പിന്നീട് എക്സില്‍ പങ്കുവച്ചു. ട്രാഫിക് ലൈനില്‍ ചായ കുടിച്ചാല്‍ നിങ്ങള്‍ക്ക് പ്രശസ്തിയല്ല, മറിച്ച് കനത്ത പിഴയായിരിക്കും! സൂക്ഷിക്കുക, ബംഗളൂരു സിറ്റി പോലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.