കുട്ടിയാനയ്ക്ക് ചുറ്റും "ആനകളുടെ സംരക്ഷണ വലയം '
Saturday, April 19, 2025 10:19 AM IST
പ്രകൃതി ദുരന്തങ്ങളെ മുൻ കൂട്ടി അറിയാനും അതിനെതിരെ ജാഗ്രത പാലിക്കാനും പലപ്പോഴും മൃഗങ്ങൾക്കു കഴിവുണ്ടെന്നു പറയാറുണ്ട്. പ്രകൃതിയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ആപത്തുകളിൽ മൃഗങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും എങ്ങനെ സ്വയം സംരക്ഷണം ഒരുക്കുന്നുവെന്നും കാണിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. തെക്കൻ കാലിഫോർണിയ ഗോപുണ്ടിഡോയിലെ സാൻ ഡീഗോ സഫാരി പാർക്കിൽനിന്നുള്ള വീഡിയോയാണ് കൗതുകമുണർത്തിയത്.
സാൻ ഡീഗോ പാർക്കിലെ ആഫ്രിക്കൻ ആനകളാണു വീഡിയോയിലെ താരങ്ങൾ. തിങ്കളാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആനകൾ പരിഭ്രാന്തരാകുന്നതും സെക്കൻഡുകൾക്കുള്ളിൽ കൂട്ടത്തിലെ ആനക്കുട്ടിയെ സംരക്ഷിക്കാൻ "ജാഗ്രതാവലയം' തീർക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഭൂചലനത്തിൽ വിറച്ച ആനകൾ, വളരെ പെട്ടെന്നുതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതും ആനക്കുട്ടിക്കു ചുറ്റും ഒരു വലയം തീർക്കുന്നതും കാണാം. പ്രകന്പനങ്ങൾ അവസാനിക്കുന്നതുവരെ ആനകൾ സംരക്ഷിതകവചമായി കുട്ടിയാനയ്ക്കു ചുറ്റുംനിൽക്കുന്നു. പിന്നീട് ആനക്കൂട്ടം കുട്ടിയാനയുമായി മറ്റൊരിടത്തേക്കു നീങ്ങുന്നു. സാൻ ഡീഗോ സഫാരി പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വീഡിയോ പങ്കുവച്ചത്.