വൈറലായി ചിന്പാൻസി ഗേൾ; പക്ഷേ, അത്ര ശരിയായ നടപടിയല്ലെന്നും വിമർശനം
Tuesday, April 15, 2025 10:19 AM IST
കുരങ്ങുകളെ പ്രത്യേകിച്ച് കുഞ്ഞൻ കുരങ്ങുകളെ മനുഷ്യരെപ്പോലെ വസ്ത്രം ധരിപ്പിച്ച് നടത്തുന്ന പല വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവരുടെ നിഷ്കളങ്കതയും കുട്ടിത്തവും നിറഞ്ഞ മുഖവും വികൃതികളുമൊക്കെ ആരെയും ആർഷിക്കും.
ചൈനയിലെ ഒരു മൃഗശാലയിൽ ചിന്പാൻസി കുഞ്ഞിനെ കൊച്ചു പെൺകുട്ടിയെപ്പോലെ ഒരുക്കി നിർത്തിയിരിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിരിക്കുകയാണ്. എട്ടു മാസം മാത്രം പ്രായമേ കുഞ്ഞു ചിന്പാൻസിക്കുള്ളു. മധ്യ ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ക്വിൻയാങ്ങിലാണ് ഹെഷെങ് ഫോറസ്റ്റ് എന്ന മൃഗശാല. അവിടുത്തെ ക്വിക്സി എന്ന ചിന്പാൻസി കുഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
ഒരു കുഞ്ഞു പെൺകുട്ടിയെപ്പോലെ ഉടുപ്പ് ധരിച്ച് മുടിയൊക്കെ പിന്നിയിട്ടാണ് ക്വിക്സിയുടെ നടപ്പ്. കളിപ്പാട്ടങ്ങളും കയ്യിലുണ്ട്. ഇടയ്ക്ക് അതു വെച്ചു കളിക്കുകയും ചെയ്യുന്നുണ്ട്. മൃഗശാല സന്ദർശിക്കാനെത്തുന്നവർ ക്വിക്സിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും കൈകൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
പക്ഷേ, അത്ര ശരിയായ നടപടിയല്ല ഇതെന്നാണ് മൃഗ സ്നേഹികളുടെ അഭിപ്രായം. ചിന്പാൻസി കുഞ്ഞിനെ ഇത് ഉപദ്രവിക്കുന്ന രീതിയാണിതെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ചിന്പാൻസിക്ക് സംരക്ഷണം നൽകുന്ന രീതിയിലാണ് വസ്ത്രം ധരിച്ചിപ്പിരിക്കുന്നതെന്നാണ് മൃഗശാലയുടെ വിശദീകരണം.