ഇന്റർവ്യുവിന് അരമണിക്കൂർ മുന്നേ എത്തി; പക്ഷേ, "പണി കിട്ടി'
Monday, April 14, 2025 4:47 PM IST
ഏതെങ്കിലും ഇന്റർവ്യുവിനോ ജോലിയിൽ ചേരാൻ പോകുന്പോഴോ കൃത്യസമയത്ത് എത്താതെ കുറച്ചു നേരത്തെ എത്തണമെന്നാണ് പൊതുവേ പറയാറുള്ളത്. പക്ഷേ, അങ്ങ് അമേരിക്കയിൽ ഇങ്ങനെ നേരത്തെ എത്തിയതു കാരണം ജോലി കിട്ടാതെ പോയ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ലിങ്ക്ഡിനിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജിയയിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള
ഒരു ക്ലീനിംഗ് സർവീസിന്റെ ഉടമയായ മാത്യു പ്രീവെറ്റ് ആണ് പോസ്റ്റിട്ടിരിക്കുന്നത്. ഓഫീസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒരു അപേക്ഷകൻ ഇന്റർവ്യുവിന് നിശ്ചിത സമയത്തിന് അര മണിക്കൂർ മുമ്പ് എത്തി. അതാണ് പോസ്റ്റിനുള്ളിലെ കാര്യം.
പക്ഷേ, അയാളെ ജോലിക്ക് എടുത്തില്ല. അതിനുള്ള പ്രധാന കാരണം നേരത്തെ ഇന്റർവ്യുവിന് എത്തിയതാണ്. "കഴിഞ്ഞ ആഴ്ച ഒരാൾ അഭിമുഖത്തിന് 25 മിനിറ്റ് നേരത്തെ എത്തി. ഞാൻ അദ്ദേഹത്തെ നിയമിക്കാത്തതിൽ അത് ഒരു പ്രധാന ഘടകമായിരുന്നു. പ്രീവെറ്റ് എഴുതി.
പോസ്റ്റ് ശ്രദ്ധ നേടിയതോടെ, പ്രീവെറ്റ് തന്റെ നിലപാട് വ്യക്തമാക്കി, അൽപ്പം നേരത്തെ എത്തുന്നത് പൊതുവെ ഉചിതമാണെങ്കിലും, വളരെ നേരത്തെ എത്തുന്നത് മോശം സമയ മാനേജ്മെന്റിനെയോ
സാമൂഹിക അവബോധത്തിന്റെ അഭാവത്തെയോ സൂചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"നേരത്തെ എത്തുന്നത് നല്ലതാണ്. വളരെ നേരത്തെ എത്തുന്നത് ഒരാൾക്ക് സമയക്കുറവുണ്ടെന്നോ അല്ലെങ്കിൽ സൗകര്യം പ്രതീക്ഷിക്കുന്നുണ്ടെന്നോ ഉള്ള സൂചനയാണ്. അയാളുടെ നേരത്തെയുള്ള വരവ് തന്നെ അസ്വസ്ഥനാക്കി. കാരണം മറ്റൊരാൾക്ക് എന്റെ ഓഫീസിലെ ബിസിനസ് കോളുകൾ കേൾക്കാൻ കഴിയുമെന്നും പ്രീവെറ്റ് കൂട്ടിച്ചേർത്തു.
ഉദ്യോഗാർഥികൾ അഞ്ച് മുതൽ പതിനഞ്ച് മിനിറ്റ് വരെ മുമ്പ് എത്തുന്നത് സ്വീകാര്യമാണെന്നും എന്നാൽ അതിൽ കൂടുതലുള്ളതെന്തും അശ്രദ്ധമായി കണക്കാക്കാമെന്നും പ്രീവെറ്റ് പറഞ്ഞു.