പല വര്‍ഷം; പക്ഷേ ഒരേ ജന്മദിനം, കൗതുകമായി ഈ നാല് സഹോദരിമാര്‍
Saturday, October 5, 2024 12:41 PM IST
നമ്മുടെ തന്നെ ജന്മദിനം മറ്റൊരാള്ക്കുള്ളപ്പോള് നമുക്കൊരു കൗതുകം തോന്നുമല്ലൊ. ഇരട്ടകള്‍ക്ക് ഒരുദിനം വരാത്ത സാഹചര്യമുണ്ടായാലാണ് കൗതുകമാവുക. എന്നാല്‍ ഇരട്ടകളുമല്ല പക്ഷെ ഒരുദിനം തന്നെ ജന്മദിനമുള്ള സഹോദരങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
കാരണം ഇവര്‍ ഒന്നും രണ്ടുമല്ല നാലുപേരാണ്. അതും നാല് പെണ്‍കുട്ടികള്‍. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള ക്രിസ്റ്റന്‍ ലാമ്മെര്ട്ടിന്റെ മക്കളാണ് ഈ നാലപേര്‍. അവര്‍ എല്ലാവരും ഒരേ ജന്മദിനം പങ്കിടുന്നു.
അതായത് ഓഗസ്റ്റ് 25 ആണ് ഈ നാലുപേരുടെയും ജന്മദിനം. മൂത്ത മകള്‍ ഒമ്പതു വയസുള്ള സോഫിയ പിന്നെ ആറുവയസുള്ള ജിയുലിയാന പിന്നെ മൂന്നു വയസുകാരി മിയ. ഇപ്പോഴിതാ വാലന്റീനയ്ക്കും ആ അമ്മ ജന്മം നല്കി.
ഇവര്‍ ഒരേദിനം പിറന്നത് മാത്രമല്ല കൃത്യം മൂന്നുവര്‍ഷം ഇടവേളയിലാണ് ജനിച്ചതെന്നും ആളുകളെ ആശ്ചര്യപ്പെടുത്തുന്നു.
യഥാര്‍ഥത്തില്‍, അവരുടെ അവസാന മകളായ വാലന്റീന സെപ്റ്റംബര്‍ 25-ന് ജനിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 23ന് ക്രിസ്റ്റന്‍ പെട്ടെന്ന് വയ്യാതെ വരികയായിരുന്നു. പ്രീക്ലാംപ്സിയ ഉള്ളതിനാല്‍ ഉടന്‍ തന്നെ പ്രസവിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
അങ്ങനെ അവിചാരിതമായി നാലാമത്തെ കുട്ടിയും 25ന് എത്തി. എന്തായാലും ഇത് തികച്ചും യാദൃശ്ചികമെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.