കടയ്ക്കുള്ളിലെ "കൈയേറ്റം' കൗതുകത്തോടെ ഉടമ
Monday, September 30, 2024 10:28 AM IST
ഇരട്ടയാർ ടണൽ സൈറ്റിലെ പലചരക്ക് കടയിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. അതിഥി അവിടെ കൈയേറ്റം നടത്തി കൂടും സ്ഥാപിച്ചു. ഇരട്ടയാർ ചേലയ്ക്കകവല ടണൽ സൈറ്റിലെ സിബി സ്റ്റോഴ്സിലാണ് കിളി കൂടുകൂട്ടിയത്.
ആദ്യം ഈ അതിഥിയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല . കുറച്ചുദിവസം കഴിഞ്ഞപ്പോൾ കടയിലെ സിസിടിവി ക്യാമറയുടെ കേബിളിൽ കുറച്ച് കരികില കൂടുന്നതായി കണ്ടു. മാറാല പിടിക്കുന്നത് എന്ന് കരുതി കടയുടമ സിബി വാതല്ലൂർ രണ്ടുതവണ അവ തട്ടിക്കളഞ്ഞു.
വീണ്ടും അതേ തരത്തിൽ കരിയിലകൾ കൂടുന്നത് കണ്ടതോടെ നിരീക്ഷണം ആരംഭിച്ചു. പിന്നീടാണ് ഒരു അതിഥി ഇവിടെ കൈയേറ്റം നടത്തുന്നതായി കണ്ടത്. തുടർന്ന് കുഞ്ഞൻ കിളി എന്താണ് ചെയ്യുന്നതെന്ന ആകാംക്ഷയിലായി സിബിയും കുടുംബവും. ഒരു മാസം നീണ്ട പ്രയത്നത്തിനൊടുവിൽ അങ്ങനെ ഒരു ആ കുഞ്ഞൻ കിളി കൂടുകെട്ടി.
കടയ്ക്കുള്ളിൽ നടത്തിയ കൈയേറ്റം ആണെങ്കിലും സിബിയും കുടുംബവും അത് ഒഴിപ്പിച്ചില്ല. ഇപ്പോൾ സിബിക്ക് കൂട്ടായി കൂടുകൂട്ടി കടയ്ക്കുള്ളിൽ കഴിയുകയാണ് ഈ തേൻ കുരുവി.
ഒരുപക്ഷേ പുറത്തെ കഠിന ചൂടും, മറ്റ് ജീവികളുടെ ശല്യവും കൊണ്ടാവാം ഈ തേൻ കുരുവി സുരക്ഷിതമായ ഒരിടം കണ്ടെത്തിയത്. ഇരട്ടയാറ്റിലെ ഈ കൗതുക കാഴ്ച ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.