പാന്പുകടിയേറ്റു മരിച്ച യുവാവിന്റെ ചിതയിൽ, കടിച്ച പാന്പിനെ ചുട്ടുകൊന്നു
Thursday, September 26, 2024 2:29 PM IST
പാന്പുകടിയേറ്റു മരിച്ച യുവാവിന്റെ ചിതയിൽ കടിച്ച പാന്പിനെ ജീവനോടെ ചുട്ടുകൊന്ന് ഗ്രാമീണർ. ഛത്തീസ്ഗഡിലെ കോർബയിലാണു സംഭവം. ബൈഗാമർ ഗ്രാമത്തിലെ തന്റെ വീട്ടിൽ രാത്രി കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വർ രതിയ (22)യെ പാന്പു കടിച്ചത്.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ പാമ്പിനെ പിടികൂടി കൊട്ടയിലാക്കി. പിന്നീട് ഒരു വടിയിൽ കയർ ഉപയോഗിച്ച് കെട്ടിയിട്ടു. ശവസംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വീട്ടിൽനിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോൾ, ഗ്രാമവാസികൾ പാമ്പിനെയും വലിച്ചിഴച്ചു കൊണ്ടുപോയി.
പിന്നീട് രതിയയുടെ ചിതയിൽ പാമ്പിനെ ജീവനോടെ കത്തിക്കുകയായിരുന്നു. വിഷപ്പാമ്പ് മറ്റാരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ചിതയിൽ കത്തിച്ചതെന്നു ചില ഗ്രാമീണർ പറഞ്ഞു.
പാമ്പിനെ കൊന്നതിന് ഗ്രാമവാസികൾക്കെതിരേ നടപടിയെടുക്കില്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇഴജന്തുക്കൾ ആവാസവ്യവസ്ഥയ്ക്ക് പ്രധാനമായതിനാൽ പാമ്പുകളെക്കുറിച്ചും പാമ്പുകടി നിയന്ത്രിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.