കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് അച്ഛനും മകളും..!
Tuesday, September 24, 2024 10:10 AM IST
പാന്പുകളുടെ ചിത്രങ്ങൾ കാണുന്നതുപോലും മിക്കവർക്കും ഭയമാണ്. അവയുമായി ആരെങ്കിലും അടുത്തിടപഴകുന്നതു കാണാനും പലരും ഇഷ്ടപ്പെടില്ല. എന്നാൽ പടുകൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ടു വലിച്ചുകൊണ്ടു പോകുന്ന ഒരച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ അന്പരപ്പിനൊപ്പം കൗതുകവും ഉണർത്തി.
കലിഫോർണിയയിലെ ഫൗണ്ടൻ വാലിയിലുള്ള ഇൻഡോർ ഉരഗമൃഗശാലയിൽനിന്നുള്ള ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവറും അദ്ദേഹത്തിന്റെ മകള്‍ ജൂലിയറ്റുമാണ് പെരുമ്പാമ്പുകളെ തോളിൽ വഹിച്ചുകൊണ്ടുപോകുന്നത്.
തെല്ലും ഭയമില്ലാതെ പതിവ് ജോലി ചെയ്യുന്നപോലെയാണ് ഇരുവരുടെയും ശരീരഭാഷ. "ഞങ്ങൾ എല്ലാം ഒരു കുടുംബം'എന്നാണു വീഡിയോ പങ്കുവച്ച് ജൂലിയറ്റ് കുറിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. "അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല' എന്നായിരുന്നു ചിലരുടെ പ്രതികരണം.
2009 ജൂലൈയിൽ ഉരഗമൃഗശാല സ്ഥാപിതമായശേഷം ഇതുവരെ രണ്ടു ലക്ഷത്തിലധികമാളുകൾ ഇവിടെ സന്ദർശനം നടത്തിയതായി പറയുന്നു. ബ്രൂവറും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും ഉൾപ്പെടെ 20 ഓളം ജീവനക്കാർ മൃഗശാലയിലുണ്ട്.