കയറില്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് ചരിത്രം സൃഷ്ടിച്ചപ്പോള്‍...
Wednesday, September 18, 2024 10:52 AM IST
ആളുകള്‍ പലതരം റിക്കാര്‍ഡുകളും ചരിത്രങ്ങളും തീര്ക്കാറുണ്ടല്ലൊ. അവയില്‍ കൗതുകകരമാണ്. അത്തരമൊന്നിന്റെ കാര്യമാണിത്. എസ്തോണിയന്‍ സ്ലാക്ക്ലൈനര് ജാന്‍ റൂസ് ആണ് ഈ ചരിത്രം കുറിച്ച വ്യക്തി.
അദ്ദേഹം ഒരു കയറിന് മുകളിലൂടെ ഭൂഖണ്ഡങ്ങള്‍ കടന്നാണ് ചരിത്രം സൃഷ്ടിച്ചത്. അതായത് ഇസ്താംബൂളിന്റെ ഐതിഹാസികമായ "ജൂലൈ 15 രക്തസാക്ഷി പാല'ത്തിന് മുകളിലൂടെ നടന്നു.
ഔദ്യോഗികമായി ജൂലൈ 15 രക്തസാക്ഷി പാലം എന്നും സംസാരഭാഷയില്‍ ഒന്നാം പാലം എന്നും അറിയപ്പെടുന്ന ബോസ്ഫറസ് പാലം, തുര്‍ക്കിയിലെ ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കില്‍ വ്യാപിച്ചുകിടക്കുന്ന മൂന്ന് തൂക്കുപാലങ്ങളില്‍ ഏറ്റവും പഴക്കമേറിയതും തെക്കേ അറ്റത്തുള്ളതുമാണ്. ഇത് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്നു.
റൂസ് ബോസ്ഫറസ് പാലത്തിന് മുകളിലൂടെ കയറുകെട്ടി സഞ്ചരിക്കുകയാണുണ്ടായത്. കയറിന് ഏകദേശം 1,074 മീറ്റര്‍ നീളവും 100 കിലോഭാരവുമുണ്ടായിരുന്നത്രെ. പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോണ്‍ മുഴക്കം തനിക്ക് ശല്യമായെങ്കിലും പരിശ്രമം വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. 47 മിനിറ്റിലാണ് അദ്ദേഹം ഇത്തരത്തില്‍ അടുത്ത ഭൂഖണ്ഡത്തില്‍ എത്തിയത്.
തുര്‍ക്കിയുടെ ഗതാഗത, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹൈവേയും ഈ നേട്ടത്തെ പിന്തുണച്ചു. യുഎസ്എ ടുഡേ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ബോസ്ഫറസ് പാലത്തിന് മുകളിലൂടെയുള്ള റൂസ് സമര്ഥായി സഞ്ചരിക്കുന്ന കാഴ്ചയുണ്ട്.
നിരവധിപേര്‍ റൂസിനെ അഭിനന്ദിച്ച് രംഗത്തെത്തി. "ഒരു സവിശേഷമായ ചരിത്രം സൃഷ്ടിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന്' റൂസും പറയുന്നു.