"അവര്‍ക്ക് നേരം വെളുക്കുന്നതേയുള്ളു...;' 13 മാസങ്ങളുള്ള രാജ്യം
Wednesday, August 28, 2024 3:18 PM IST
ഈ വര്‍ഷം ഏതാന്ന് ചോദിച്ചാല്‍ 2024 എന്നായിരിക്കും എല്ലാവരും മറുപടി പറയുക. എന്നാല്‍ ശരിക്കും എല്ലാവരും അതായിരിക്കില്ല. പ്രത്യേകിച്ച് എത്യോപ്യക്കാര്‍. അവര്‍ക്കിപ്പോള്‍ വര്‍ഷം 2016 ആണ്.
അതിശയകരമെന്നു തോന്നുമെങ്കിലും സംഗതി സത്യമാണ്. ചുരുക്കമായി പറഞ്ഞാല്‍ അതിന്റെ കാരണം ബാക്കി എല്ലാവര്ക്കും 12 മാസങ്ങളാണ് ഒരു വര്‍ഷം. എന്നാല്‍ എത്യോപ്യക്കാര്‍ക്ക് 13 മാസമാണുള്ളത്. 13-ാം മാസത്തില്‍ വെറും അഞ്ച് ദിവസം അല്ലെങ്കില്‍ ഒരു അധിവര്‍ഷത്തിലെ ആറ് ദിവസം അടങ്ങിയിരിക്കുന്നു.
അവരുടെ പുതുവത്സരം നമ്മുടെ സെപ്റ്റംബര്‍ 11-ന് ആണത്രെ. എ.ഡി. 525-ല്‍ റോമന്‍ ചര്‍ച്ച് ക്രമീകരിച്ച പുരാതന കലണ്ടര്‍ എത്യോപ്യ പിന്തുടരുന്നതിനാലാണ് ഈ പൊരുത്തക്കേട്.
ഗീസ് കലണ്ടര്‍ എന്നറിയപ്പെടുന്ന എത്യോപ്യന്‍ കലണ്ടറും മാസങ്ങളുടെ പേരുകളില്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്ന് വ്യത്യസ്തമാണ്. സെപ്റ്റംബര്‍ 11-ന് ആരംഭിക്കുന്ന മെസ്കറെമിലാണ് വര്‍ഷം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള മാസങ്ങള്‍ ടിക്കിംത്, ഹിദാര്‍, തഹ്സാസ്, തിര്‍, യകാറ്റിറ്റ്, മഗാബിറ്റ്, മിയാസിയ, ജിന്ബോട്ട്, സെനെ, ഹാംലെ, നെഹാസ, പഗുമേ എന്നിവയാണ്.
എന്തായാലും ഈ കലണ്ടര്‍ കാലത്തിന് മുന്നിലായിരുന്നു എന്നാണൊരാള്‍ കുറിച്ചത്. അതിനു കാരണം മൊബൈല്‍ റീച്ചാര്‍ജില്‍ 28 ദിവസമാണ് ഒരു മാസം. അങ്ങനെ നോക്കുമ്പോള്‍ 13 മാസം നിലവില്‍ ഉണ്ടെന്നാണ് അയാൾ ചൂണ്ടിക്കാട്ടുന്നത്.