പൂച്ചകളേയും നായയേയും ഒക്കെ നമ്മളില്‍ പലരും വീടുകളില്‍ ഓമനിച്ച് വളര്‍ത്താറുണ്ടല്ലൊ. മിക്കവരും ഇവയെ കുടുംബത്തിലെ ഒരംഗം എന്ന നിലയിലാണ് കാണാറുള്ളത്. അതിനാല്‍ത്തന്നെ അവയ്ക്ക് നല്ലത് സംഭവിച്ചാലും തീയതുണ്ടായാലും അവ ഉടമയേയും ബാധിക്കാറുണ്ട്.

ഇപ്പോഴിതാ ഒരു യുവതി തന്‍റെ നായയ്ക്ക് ബേബി ഷവര്‍ നടത്തിയതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സാധാരണ മനുഷ്യര്‍ക്കിടയിലാണ് "വളകാപ്പ്' എന്ന ബേബി ഷവര്‍ നടത്താറുള്ളത്.

ഗര്‍ഭിണിയായ യുവതിയ്ക്കായുള്ള ഈ ചടങ്ങ് അത്ര പ്രത്യേകതയുള്ളതാണുതാനും. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള ഒരു നായയുടെ ബേബി ഷവര്‍ ആണുള്ളത്.

തന്‍റെ നായ ഗര്‍ഭം ധരിച്ചത് അറിഞ്ഞ ഉടമ ഏറെ സന്തോഷിക്കുകയും വളകാപ്പ് നടത്താന്‍ തയാറാകുകയുമായിരുന്നു. റോസി എന്ന നായയാണ് ഗര്‍ഭം ധരിച്ചത്. അതിന്‍റെ ഇണ റെമോയും ദൃശ്യങ്ങളില്‍ ഉണ്ട്.

വീഡിയോയില്‍ ഈ യുവതി റോസിയുടെ തലയില്‍ ഒരു ചുവന്ന സ്‌കാര്‍ഫ് ഇടുന്നു. പിന്നീട് റോസിയുടെ നെറ്റിയില്‍ ഒരു ബിന്ദി വയ്ക്കുകയും കെെയില്‍ വള ചാര്‍ത്തുകയും ചെയ്യുന്നുണ്ട്. നായയ്ക്ക് മധുരം നല്‍കുന്നതും കാണാം.

കൂടാതെ റോസിക്ക് മുന്നിലായി "താന്‍ തയാറാണ്' എന്നൊരു ബോര്‍ഡും വച്ചിട്ടുണ്ട്. "ഒപ്പം താനും' എന്നൊരു ബോര്‍ഡ് റെമോയ്ക്ക് മുന്നിലുമുണ്ട്. വൈറലായി മാറിയ ഈ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. "ഇത് വളരെ മനോഹരമാണ്. എന്‍റെ ഹൃദയം നിറഞ്ഞിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.