സ്വൽപം കൗതുകം; കെഎസ്ഇബി പോസ്റ്റിലെ ബജ്ജിക്കട പരസ്യം
Thursday, September 28, 2023 11:07 AM IST
"മുട്ട ബജ്ജി, മുളക് ബജ്ജി, കായ ബജ്ജി...' ഇപ്പോള്‍ നാടിന്റെ മുക്കിലും മൂലയിലും കാണാന്‍ കഴിയുന്ന ഒന്നാണല്ലൊ ബജ്ജിക്കടകള്. തുച്ഛമായ വിലയില്‍ പലതരം രുചികള്‍ അവ സമ്മാനിക്കുന്നു. ഈ കടകള്‍ പലര്‍ക്കും ഒരു ഉപജീവനമാര്‍ഗവുമായി മാറുന്നു.
എന്നാല്‍ ബജ്ജിക്കടകള് ജനകീയമായതോടെ നിരവധിപേര്‍ ഈ കച്ചവടവുമായി നിരത്തിലിറങ്ങി. അതോടെ മത്സരവുമായി. പലരും പേരിലും മറ്റും വ്യത്യസ്തത വരുത്തി രംഗം കൈയടക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ കിലോമീറ്ററുകൾ ദൂരെയുള്ളിടത്ത് തന്റെ കടയുടെ പരസ്യം ഒരു ബജ്ജിക്കച്ചവടക്കാരന് പതിച്ചത് അല്പം കൗതുകമാണ് കാഴ്ചക്കാര്‍ക്ക് നല്‍കുക. കോട്ടയം ജില്ലയിലെ പാക്കില്‍ എന്ന പ്രദേശത്താണ് ഇത്തരമൊരു പരസ്യമുള്ളത്.
സാധാരണ വസ്തുവില്പ്പനക്കാരോ, കിണര്‍ തേകുന്നവരോ ഒക്കെയാണ് കെഎസ്ഇബി പോസ്റ്റിലും മറ്റും തങ്ങളുടെ പരസ്യം ഒട്ടിക്കാറ്. എന്നാല്‍ ഒരു ബജ്ജിക്കടയുടെ പരസ്യം ഇത്തരത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിച്ചു കാണുന്നത് അപൂര്‍വമായിരിക്കും.
പ്രത്യേകിച്ച് രണ്ട് കിലോമീറ്ററോളം അകലെയുള്ള ഒരിടത്തെ കടയുടെ പോസ്റ്റര്‍ മറ്റൊരിടത്ത് കാണപ്പെടുന്നത്.
പാക്കില്‍ കവലയില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലെയായുള്ള പള്ളം എന്ന സ്ഥലത്താണ് ഈ കട എന്നാണ് പരസ്യത്തില്‍ പറയുന്നത്. ലാന്‍ഡ് മാര്‍ക്കായി സമീപത്തായുള്ള എസ്ബിഐ ബാങ്കിന്റെ കാര്യവും പറയുന്നു.
സാധാരണ പരസ്യങ്ങളില്‍ ഫോണ്‍ നമ്പരുകള്‍ കാണാറുണ്ട്. എന്നാല്‍ ഇതില്‍ അത്തരം കോണ്ടാക്ടുകള് ഒന്നുംതന്നെയില്ല. എന്തായാലും പരസ്യം കണ്ട് ആളുകള്‍ കട തേടി എത്തുമോ എന്ന കൗതുകം ബാക്കി നില്ക്കുന്നു...