കുഞ്ഞിക്കുട്ടിയുടെ കിടിലം ചായക്കട! എന്നാ നമുക്കൊരു ചായ കുടിച്ചാലോ?
Thursday, September 21, 2023 3:50 PM IST
ദൂരെ കാഴ്ചയിൽ തന്നെ പഴമ വിളിച്ചോതി ഒരു വൻമരത്തിന്റെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ചായക്കട. ഒറ്റനോട്ടത്തിൽ ചായക്കട സിനിമാ സെറ്റിട്ടതാണെന്നേ തോന്നൂ. ഷീറ്റിന്‍റെ മേൽക്കൂരയുടെ വിടവിലൂടെയും അരഭിത്തിക്കു മുകളിലെ ഓലമേഞ്ഞ മറയ്ക്ക് ഇടയിലൂടെയും പുറത്തേക്ക് ഉയരുന്ന വിറകടുപ്പിൽനിന്നുള്ള പുക കാണാം.
തകര ഷീറ്റിന്‍റെ പാളികളിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികൾ. പാതി പൊളിഞ്ഞും ഇളകിയും ഇരിക്കുന്ന സിമന്‍റു ഭിത്തിയോട് ചേർന്നുള്ള കണ്ണാടിപ്പാത്രത്തിൽ കൊതിയൂറുന്ന പുഞ്ചിരിയുമായി പലതരം പലഹാരങ്ങൾ.
കോവിൽമല പാമ്പാടിക്കുഴിയിലെ കുഞ്ഞുക്കുട്ടിയുടെ കടയുടെ മുന്നിലാണ് നമ്മൾ. എന്നാ നമുക്കൊരു ചായ കുടിച്ചാലോ. ആരും കുടിക്കും. അത്ര മധുരമാണോ അതോ സ്വാദാണോ... ഏതായാലും കുടിക്കാം. ഉയരം കൂടുംതോറും സ്വാദ് കൂടുമെന്നു കേട്ടിട്ടുണ്ട്.
കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ സ്വരാജിൽനിന്നു മൂന്നു കിലോമീറ്റർ ഉള്ളിലേക്കു മാറി കോവിൽമല പാമ്പാടിക്കുഴിയിലേക്കുള്ള വഴിമധ്യേയാണ് കൊച്ചുപുരയ്ക്കൽ കുഞ്ഞുക്കുട്ടിയുടെ ചായക്കട. 83-കാരനായ കുഞ്ഞുക്കുട്ടിയും 72-കാരിയായ അമ്മിണിയും കഴിഞ്ഞ 25 വർമായി ഇവിടെ ചായക്കട നടത്തുകയാണ്.
ചില്ലുഗ്ലാസിൽ പതഞ്ഞുപൊങ്ങുന്ന പുഞ്ചിരിയുമായി ആവിപറക്കുന്ന ഒരു കലക്കൻ ചായ തന്നെ മുന്നിലെത്തും. ഇനി കഴിക്കാനെന്ത് വേണമെന്ന് പറഞ്ഞോളൂ. രാവിലെയാണെങ്കിൽ കപ്പയും ദോശയും റെഡിയാണ്.
തനതുരുചി
കടയുടെ രൂപത്തിലിങ്ങനെ പഴമയും ഭംഗിയുമൊക്കൊ ഉണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കൊന്നും പഴക്കം ഉണ്ടാകാറില്ല. എല്ലാത്തിനും അതിന്‍റേതായ തനതുരുചികൾ ഉണ്ടുതാനും.
ഇഞ്ചിയും കാന്താരിയുമൊക്ക ചേർത്ത പരിപ്പുവടകളും കറുത്ത നിറമില്ലാത്ത ബോണ്ടകളുമെല്ലാം ഇവിടത്തെ തനതു രുചി വിളിച്ചറിയിക്കുന്നതാണ്. വിറകടുപ്പിലാണ് പാചകമെല്ലാം. രാവിലെ ജോലിക്കു പോകുന്ന തൊഴിലാളികളാണ് പ്രധാനമായും കടയിലെത്തുന്നവർ.
കൂടാതെ എന്നെങ്കിലും ഒരിക്കൽ വന്നു പോയവർ ഓർമ പുതുക്കാനായി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ഇവിടെ എത്താറുണ്ടെന്നു കുഞ്ഞുകുട്ടി ഓർക്കുന്നു. ആധുനിക സൗകര്യങ്ങളുടെ കുറവൊന്നും തങ്ങളെ ബാധിച്ചിട്ടില്ലന്നും ഇനിയുള്ള കാലവും ഇങ്ങനെതന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും കടയ്ക്ക് രൂപമാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞുക്കുട്ടി പറയുന്നു.