നെറ്റിസണില്‍ കൗതുകമായി പിങ്ക് നിറത്തിലെ പ്രാവ്
Monday, September 18, 2023 1:47 PM IST
പ്രണയത്തിനും സമാധാനത്തിനുമൊക്കെ ചിഹ്നമായി മാറുന്ന ഒരു സാധു ജീവിയാണല്ലൊ പ്രാവ്. ഒട്ടുമിക്കവര്‍ക്കും ഈ പക്ഷിയെ വലിയ ഇഷ്ടമാണ്. അതിന്റെ കുറുകലും നടത്തവുമൊക്കെ രസമാണ്.
സാധാരണയായി നാം ചാരനിറത്തിലും വെള്ള നിറത്തിലുമൊക്കെയാണ് ഈ പ്രാവുകളെ കാണാറുള്ളത്. എന്നാല്‍ യുകെയിലെ മാഞ്ചസ്റ്ററില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത് വേറിട്ട നിറമുള്ള ഒരു പ്രാവ് ആയിരുന്നു.
പിങ്ക് നിറമായിരുന്നു ഇതിന്. എന്നാല്‍ പിങ്ക് നിറത്തിലുള്ള പ്രാവിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടല്‍ ആളുകളില്‍ ദുരൂഹത ജനിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ഈ പാവത്തിനെ ചായം പൂശിയതാണൊ എന്നാണ് മിക്കവരും സംശയിക്കുന്നത്.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ സമാനമായ രീതിയില്‍ വേറിട്ട നിറത്തോടെ ഒരു പ്രാവിനെ കണ്ടെത്തിയിരുന്നു എന്നാലത് പോഷകാഹാരത്തിന്റെ കുറവ് നിമിത്തം സംഭവിച്ചതായിരുന്നു.
എന്തായാലും ഈ പിങ്ക് പ്രാവിന്റെ കാര്യത്തിലെ വാസ്തവം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ് മൃഗസ്നേഹികള്‍.