192 കോടി രൂപയുടെ സ്വര്‍ണനാണയം! ചേര്‍ത്തത് 6,400 വജ്രം, ഭാരം നാലു കിലോ: ഞെട്ടിച്ച് "ക്രൗണ്‍'
വെബ് ഡെസ്ക്
Saturday, September 9, 2023 3:07 PM IST
വിവിധ രീതിയുള്ള നാണയങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതില്‍ കൗതുകമുളവാക്കുന്ന തരത്തിലുള്ള നാണയങ്ങളും ഇടം നേടിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കൗതുകം എന്നതിലുപരി അമ്പരപ്പിന്‍റെ ഒരു കടല്‍ തന്നെ ഏവരുടേയും ഉള്ളിലുണ്ടാക്കുന്ന വാര്‍ത്തയാണ് ലണ്ടനില്‍ നിന്നും വരുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണാര്‍ത്ഥം ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ ബ്രാന്‍ഡായ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് നാണയം നിര്‍മിച്ചത്.
"ദി ക്രൗണ്‍' എന്ന് പേരിട്ടിരിക്കുന്ന നാണയം രാഞ്ജിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും വിലയേറിയ നാണയം ഇതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വന്ന ചിത്രങ്ങള്‍ കണ്ട് നെറ്റിസണ്‍സ് ഞെട്ടിയിരിക്കുകയാണ്. 9.6 ഇഞ്ചിലധികം വ്യാസമുള്ള നാണയത്തിന് ഒരു ബാസ്‌കറ്റ് ബോളിന്‍റെ വലിപ്പമുണ്ടെന്നാണ് റിപ്പോർട്ട്.
16 മാസം കൊണ്ട് നിര്‍മിച്ച നാണയത്തില്‍ ആകെ 6,400 വജ്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് നിർമാണം. മധ്യഭാഗത്ത് പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന നാണയത്തിന് 2 പൗണ്ടിലധികം ഭാരമുണ്ട്. ഇതിന് ചുറ്റും മറ്റ് 10 ചെറു നാണയങ്ങളുമുണ്ട്. എലിസബത്ത് രാജ്ഞി പറഞ്ഞ വാക്കുകളും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
നാണയത്തിന് ഏകദേശം 23 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 192 കോടി ഇന്ത്യന്‍ രൂപ) മൂല്യം വരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇത്രയും വിലയുള്ള നാണയം ലോകത്ത് ആദ്യമാണെന്ന് എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിലും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. 24 കാരറ്റ് സ്വര്‍ണമാണ് നാണയം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ലേലത്തില്‍ വെക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്.