നൊസ്റ്റാൾജിയ: മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ സൗഹൃദം; 90-കളിലെ ഇൻഫോസിസ് കാന്റീൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Wednesday, October 22, 2025 6:32 AM IST
ബാംഗ്ലൂരിലെ ഇൻഫോസിസിൽ നിന്നും 1990-കളിൽ ചിത്രീകരിച്ച ഒരു പഴയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. മൊബൈൽ ഫോണുകളോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ ഇല്ലാതെ, ജീവനക്കാർ പരസ്പരം ചിരിച്ചും സംസാരിച്ചുമിരിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയിലുള്ളത്.
സാങ്കേതികവിദ്യ ഇത്രയധികം വളർന്നിട്ടില്ലാത്ത, ആളുകൾ നേരിട്ടുള്ള സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ആ ലളിതമായ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കാൻ ഈ വീഡിയോ എല്ലാവരെയും പ്രേരിപ്പിക്കുന്നു.
പണ്ട് ജീവനക്കാർക്ക് ഇന്നത്തെപ്പോലെ മൊബൈലുകളോടും സോഷ്യൽ മീഡിയയോടും ഒട്ടിപ്പിടിച്ചിരിക്കേണ്ട അവസ്ഥയില്ലായിരുന്നു എന്ന് ഈ വീഡിയോ ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്നത്തെ ജീവനക്കാർ കൂടുതൽ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമായിരുന്നെന്നും, ഇന്നത്തെ ഐടി ലോകത്തെ അപേക്ഷിച്ച് ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ കുറവായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
"ക്ലീൻ ഷേവ് ചെയ്ത്, ആരോഗ്യത്തോടെ, കൈകളിൽ ഫോണില്ലാതെ... നിർമ്മിത ബുദ്ധി വരുത്തിവയ്ക്കുന്ന തൊഴിൽ ആശങ്കകളില്ലാതെ, ആത്മാർത്ഥമായ ചിരികളും സൗഹൃദങ്ങളും മാത്രം'. "ഐടിയിൽ ജോലിചെയ്യാൻ ലഭിച്ച ഒരനുഗ്രഹീത കാലഘട്ടം!' എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഇന്ത്യൻ ഐടി വിപ്ലവത്തിന്റെ തുടക്കം കുറിച്ച ഇൻഫോസിസിന്റെ ആദ്യകാല സംസ്കാരവും സൗഹൃദങ്ങളും, ആഢംബരമില്ലാത്ത സാധാരണ ജീവിതവും ഇന്ന് കോർപ്പറേറ്റ് ലോകം എത്തിനിൽക്കുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ കാണാൻ സാധിക്കും.