വയറു നിറയ്ക്കാൻ വന്ന കരടിക്ക് നിരാശ: ചവറ്റുകുട്ട തുറക്കാൻ "സിപിആർ' നൽകിയ ദൃശ്യങ്ങൾ വൈറൽ!
Wednesday, October 22, 2025 1:01 AM IST
അലാസ്കയിലെ റെസിഡൻഷ്യൽ ഏരിയയിൽ നിന്നും കൗതുകമുണർത്തുന്നതും രസകരവുമായ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. കനത്ത മഴയിൽ, വീടുകൾക്ക് പുറത്തുവെച്ചിരുന്ന ചവറ്റുകുട്ട തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന കരടിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
കരടിയുടെ കഠിനാധ്വാനവും എന്നാൽ നിഷ്ഫലവുമായ ഈ ശ്രമം കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ കരടിയുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ഒപ്പം ഈ കൗതുക കാഴ്ച ആസ്വദിക്കുകയും ചെയ്തു.
ഭക്ഷണം തേടി അലഞ്ഞെത്തിയ കരടി, ചവറ്റുകുട്ട തുറക്കാൻ നടത്തിയ ഓരോ പരിശ്രമവും പരാജയപ്പെട്ടതോടെ കടുത്ത നിരാശയിലായി. കരടി ചവറ്റുകുട്ട വലിച്ചിഴച്ച് റോഡിന്റെ മധ്യഭാഗത്തേക്ക് കൊണ്ടിടുന്നതും, അതിനെ മറിച്ചിട്ട് തന്റെ കൈകൾ കൊണ്ട് തുടരെ തുടരെ ആഞ്ഞു ഞെക്കുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ കണ്ട പലരും, ചവറ്റുകുട്ടക്ക് "സിപിആർ' നൽകുന്നതുപോലെയാണ് കരടി പ്രവർത്തിക്കുന്നതെന്ന് തമാശ രൂപത്തിൽ അഭിപ്രായപ്പെട്ടു. തുടർച്ചയായ നിരവധി ശ്രമങ്ങൾക്കിടയിലും ചവറ്റുകുട്ട അടഞ്ഞുതന്നെ കിടന്നു.
ശരത്കാല സമയത്ത് കരടികൾ ഭക്ഷണം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് അലാസ്കയിൽ പതിവാണ്. പ്രദേശവാസികൾ നൽകുന്ന സൂചനകളും ഇത് ശരിവെക്കുന്നു. കഠിനമായ ശ്രമങ്ങൾക്കൊടുവിലും ചവറ്റുകുട്ട തുറക്കാൻ കഴിയാതെ വന്നതോടെ, ആർക്കും ഒരു ഉപദ്രവവും വരുത്താതെ കരടി സ്ഥലം വിട്ടു.
സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വലിയ ചർച്ചാ വിഷയമായി. ഉപയോക്താക്കളിൽ ഒരാൾ "കരടി തന്റെ സർവ്വ കഴിവുകളും പുറത്തെടുക്കുന്നുണ്ട്' എന്ന് പ്രതികരിച്ചപ്പോൾ, മറ്റൊരാൾ ഇതിനെ ചവറ്റുകുട്ട നിർമ്മിച്ച കമ്പനിക്കുള്ള "ബിയർ പ്രൂഫ്' പരസ്യമായിട്ടാണ് വിശേഷിപ്പിച്ചത്.
"ഈ വീഡിയോ മെഡിക്കൽ വിദ്യാർഥികൾക്ക് സിപിആർ പഠിക്കാൻ ഉപയോഗിക്കാവുന്നതാണ്' എന്നിങ്ങനെ രസകരമായ നിരീക്ഷണങ്ങളും വീഡിയോയ്ക്ക് താഴെ വന്നിരുന്നു.