മൺവിളക്ക് കച്ചവടം നടക്കാതെ വിഷമിച്ച അമ്മയ്ക്ക് താങ്ങായി യുപി പോലീസ്: ഹാപ്പൂരിൽ വയോധികയുടെ ദീപാവലി പ്രകാശമായി
Monday, October 20, 2025 3:45 PM IST
വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായ ദീപാവലി വേളയിൽ, മനുഷ്യത്വം തുളുമ്പുന്ന ഒരപൂർവ ദൃശ്യമാണ് ഉത്തർപ്രദേശിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വയോധികയായ തെരുവ് കച്ചവടക്കാരിയുടെ കണ്ണീരൊപ്പി, അവരുടെ ദീപാവലി അവിസ്മരണീയമാക്കി മാറ്റിയ യുപി പോലീസുദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. സംഭവം നടന്നത് ഹാപ്പൂരിലാണ്.
മൺവിളക്കുകൾ വിൽക്കാനായി കാത്തിരുന്ന ഒരമ്മയുടെ അടുക്കലാണ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് ഗുപ്ത എത്തിയത്. കച്ചവടം തീരെ നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു വയോധിക. സാധാരണയായി തിരക്കിട്ട് കടന്നുപോകുന്ന ജനത്തിനിടയിൽ ആരും ശ്രദ്ധിക്കാതെപോയ ഈ കാഴ്ച, പോലീസുദ്യോഗസ്ഥരെ വേദനിപ്പിച്ചു.
തുടർന്ന്, വിജയ് ഗുപ്തയും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരും ചേർന്ന് ആ അമ്മയുടെ കൈവശമുണ്ടായിരുന്ന എല്ലാ മൺവിളക്കുകളും വിലകൊടുത്തു വാങ്ങാൻ തീരുമാനിച്ചു. തന്റെ കച്ചവടം മുഴുവനായും നടന്നതിലെ ആശ്വാസവും സന്തോഷവും മൂലം ആ അമ്മ വികാരാധീനയായി.
"ഇത്രയും നേരമിരുന്നിട്ടും ആരും വന്നില്ല. നിങ്ങൾ വന്ന് എല്ലാം വാങ്ങിയല്ലോ, 'എന്ന് നിറകണ്ണുകളോടെ പറഞ്ഞ് അവർ, പോലീസുദ്യോഗസ്ഥരെ മനസ് നിറഞ്ഞ് അനുഗ്രഹിച്ചു. "എന്റെ അനുഗ്രഹങ്ങൾ എന്നും നിങ്ങളിൽ ഉണ്ടായിരിക്കും. നിങ്ങൾ ദീർഘായുസോടെ ഇരിക്കട്ടെ,' എന്നും അവർ കൂട്ടിച്ചേർത്തു.
ഈ സ്നേഹപ്രകടനത്തിനുശേഷം ഉദ്യോഗസ്ഥൻ അമ്മയ്ക്ക് 1000 രൂപ നൽകുകയും ചെയ്തു. പ്രാദേശിക കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമ്മിപ്പിക്കുന്നു. "ഇൻ-ചാർജ് വിജയ് ഗുപ്തയുടെ ഈ ലളിതമായ ദയ, ഒരു വയോധികയുടെ ദിവസം പ്രകാശമുള്ളതാക്കി' എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് പ്രതികരിച്ചത്.
സ്നേഹവും അനുകമ്പയും വിനയവുമാണ് നമ്മുടെ ഉത്സവങ്ങളുടെയെല്ലാം അടിസ്ഥാനമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, നിരവധി പേർ പോലീസുദ്യോഗസ്ഥന്റെ ഈ ഹൃദയസ്പർശിയായ ഇടപെടലിന് പ്രശംസ ചൊരിഞ്ഞിട്ടുണ്ട്.