സമൂസയിൽ 200-ലധികം പരീക്ഷണങ്ങൾ! നൂഡിൽസ്, മഷ്റൂം, വെണ്ടക്ക ഫില്ലിംഗുകളുമായി പഞ്ചാബിലെ തെരുവോര കച്ചവടക്കാരൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
Thursday, October 16, 2025 7:22 PM IST
ഇന്ത്യൻ തെരുവോര ഭക്ഷണ സംസ്കാരത്തിൽ വിചിത്രമായ പരീക്ഷണങ്ങൾ തരംഗമാവുകയാണ്. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണമായ സമൂസയിൽ രുചിയുടെ അതിരുകൾ ഭേദിച്ച് ശ്രദ്ധ നേടുകയാണ് പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ഒരു തെരുവോര കച്ചവടക്കാരൻ. തന്റെ കടയിൽ 200-ലധികം വ്യത്യസ്ത തരം സമൂസകൾ ഉണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
സമൂസയുടെ പരമ്പരാഗതമായ ഉരുളക്കിഴങ്ങ്-പയർ കോമ്പിനേഷന് പകരം നൂഡിൽസ്, മക്രോണി, മഷ്റൂം, എന്തിന് വെണ്ടക്ക പോലുള്ള വിചിത്രമായ ചേരുവകൾ വരെ ഇദ്ദേഹം പരീക്ഷിക്കുന്നു. പനീർ സമൂസ, വൈറ്റ് സോസ് സമൂസ തുടങ്ങിയ ഫ്യൂഷൻ വിഭവങ്ങൾ ഇദ്ദേഹത്തിന്റെ മെനുവിലെ താരങ്ങളാണ്.
ഓരോ സമൂസയുടെയും ഉള്ളിലെ ഫില്ലിംഗ് ഉണ്ടാക്കിയ ശേഷം, പരമ്പരാഗത ക്രിസ്പിയായ മാവിൽ പൊതിഞ്ഞ് വറുത്തെടുക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഈ വ്യത്യസ്ഥതയെ ചിലർ അഭിനന്ദിച്ചപ്പോൾ, സമൂസയുടെ "പവിത്രതയെ' ചോദ്യം ചെയ്യുന്നതായി ആരോപിച്ച് നിരവധി പേർ രോഷം പ്രകടിപ്പിച്ചു. "സമൂസയെ സ്നേഹിക്കുന്നവർ ഇയാളെ തല്ലിക്കൊല്ലും, അപമാനിച്ചതിന്' എന്ന തരത്തിലുള്ള രസകരവും എന്നാൽ ദേഷ്യം കലർന്നതുമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്.
എങ്കിലും, ജലന്ധറിലെ ഈ സ്റ്റാൾ ഇപ്പോൾ ഒരു പ്രാദേശിക ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. സംശയിച്ചാണെങ്കിലും ഇദ്ദേഹത്തിന്റെ വിചിത്ര സമൂസകൾ കഴിക്കാൻ എത്തുന്നവർ, അവയുടെ രുചിയിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്.