വൈദ്യുതി നിലച്ചപ്പോൾ ഡോറുകൾ തുറക്കാനായില്ല, ഡ്രൈവർ വെന്തുമരിച്ചു; ഇലക്ട്രിക് കാറുകളുടെ സുരക്ഷയിൽ ആശങ്ക
Tuesday, October 14, 2025 7:05 PM IST
ചൈനയിലെ ചെങ്ഡു നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. റോഡിലെ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച ഷൗവ്മി SU7 ഇലക്ട്രിക് സെഡാൻ കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ജീവൻ നഷ്ടപ്പെട്ടു.
അപകടത്തെത്തുടർന്ന് വാഹനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതിനാൽ ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. കൂട്ടിയിടിക്ക് ശേഷം തീ ആളിക്കത്തിയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്താൻ കാഴ്ചക്കാർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാദേശിക പോലീസ് നൽകിയ വിവരമനുസരിച്ച്, 31 വയസുള്ള ഡെങ് എന്നയാളാണ് മരിച്ചത്. ഇദ്ദേഹം മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറി തീപിടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വൈദ്യുത സംവിധാനം തകരാറിലായതിനാൽ ഡോറുകൾ തുറക്കാൻ കഴിയാതെ വന്നതാണ് ഡെങ്ങിന്റെ മരണത്തിന് കാരണമായതെന്നും രക്ഷാപ്രവർത്തകർക്ക് അദ്ദേഹത്തെ പുറത്തെടുക്കാൻ സാധിച്ചില്ലെന്നും പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം വാഹന സുരക്ഷയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നത്.