വിചാരണയില്ല, വാദമില്ല: കുറ്റവാളിയെ കടിച്ച ശേഷം സ്റ്റൈലായി നടന്നകന്ന് ഡോഗേഷ്; വീഡിയോ വൈറൽ
Tuesday, October 14, 2025 4:12 PM IST
ഓൺലൈൻ ലോകത്ത് ശ്രദ്ധ നേടുന്ന പല വീഡിയോകളിലെയും സ്ഥിരം താരമാണ് ഡോഗേഷ്. ഇന്ത്യൻ തെരുവുനായകളെ സ്നേഹത്തോടെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണിത്. തിരക്കേറിയ റോഡുകൾ സ്റ്റൈലായി മുറിച്ചുകടക്കുന്നത് മുതൽ അപകടത്തിൽപ്പെടുന്ന കുഞ്ഞുങ്ങൾക്ക് രക്ഷകനാകുന്നത് വരെയുള്ള, ഇവയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരാറുണ്ട്.
ഇപ്പോഴിതാ, റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ചാവിഷയം. കുറ്റവാളിയാണെന്ന് തോന്നിക്കുന്ന ഒരാൾക്ക് നിമിഷ നേരംകൊണ്ട് ശിക്ഷ നൽകി അഭിമാനത്തോടെ നടന്നു നീങ്ങുന്ന ഡോഗേഷാണ് ഈ വീഡിയോയിലെ താരം.
രാത്രിയിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ, റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കൈവിലങ്ങണിയിച്ച ഒരാളെ സ്റ്റേഷനിലൂടെ നടത്തിക്കൊണ്ടുപോകുന്നത് കാണാം. അപ്രതീക്ഷിതമായി, കാഴ്ചയിൽ വളരെ നിസാരനായ ഒരു തെരുവുനായ, യാതൊരു മുന്നറിയിപ്പുമില്ലാതെ, അയാളുടെ പിറകിൽ ചാടി നിതംബത്തിൽ ശക്തമായി കടിച്ചു.
ഈ ഞെട്ടിക്കുന്ന ആക്രമണത്തിൽ പോലീസുകാരനും പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയും ഒരു നിമിഷം സ്തംഭിച്ചുപോയി. "വാദമില്ല, തീയതിയില്ല, ഇത് തൽക്ഷണ വിധിയാണ്' എന്ന് കുറിച്ചുകൊണ്ട് വീഡിയോ പ്രചരിച്ചു.
തന്റെ കർത്തവ്യം പൂർത്തിയാക്കിയ സംതൃപ്തിയോടെ നായ നടന്നകലുന്നതും, ഈ അപ്രതീക്ഷിത സംഭവത്തിൽ ചിരിയടക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥൻ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളെ കൂടുതൽ രസകരമാക്കി.
സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ വ്യക്തമല്ലെങ്കിലും, ഈ തമാശ നിറഞ്ഞ സംഭവം നിമിഷങ്ങൾക്കകം വൈറലായി, പലരും ഇതിനെ ഡോഗേഷിന്റെ പ്രത്യേക തരം വിധിപ്രഖ്യാപനം എന്നാണ് വിശേഷിപ്പിക്കുന്നത്.