ക്ഷീണിതനായ ഭർത്താവിനെ റീലിലാക്കി ഭാര്യ: പുരുഷന്റെ മാനസികാരോഗ്യം ചർച്ചയാക്കി വൈറൽ ക്ലിപ്പ്
Sunday, October 12, 2025 6:47 PM IST
ജോലി കഴിഞ്ഞ് കഠിനമായി ക്ഷീണിച്ചെത്തുന്ന ഒരു ലോക്കോ പൈലറ്റിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം യൂണിഫോമിൽ വീട്ടിലെത്തുന്ന ഭർത്താവ് അങ്ങേയറ്റം തളർന്നിരിക്കുന്നതായി വീഡിയോയിൽ കാണാം.
എന്നാൽ, അദ്ദേഹത്തെ വരവേൽക്കാൻ ഭാര്യ തിരഞ്ഞെടുത്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. ഭോജ്പുരി ഗാനത്തിന് ചുവടുവെച്ച് അവർ ഒരു "റീൽ' ചിത്രീകരിക്കുകയായിരുന്നു. ഈ റീലിൽ ഭർത്താവിനെയും ഉൾപ്പെടുത്താനുള്ള ശ്രമത്തിൽ, ക്ഷീണിതനായ അദ്ദേഹത്തിന്റെ കവിളിൽ തലോടിക്കൊണ്ട് ക്യാമറയിലേക്ക് നോക്കാൻ അവർ നിർബന്ധിക്കുന്നു.
എന്നാൽ, യാത്രയുടെയും ജോലിയുടെയും ക്ഷീണത്തിൽ പ്രതികരണം പോലും നൽകാൻ കഴിയാതെ നിസഹായനായി നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാവം കാഴ്ചക്കാരെ വേദനിപ്പിച്ചു. ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ഭാര്യാഭർത്താക്കന്മാർക്കിടയിലെ പരസ്പര ധാരണയുടെ കുറവും, ഭർത്താവിന്റെ അവസ്ഥയെ അവഗണിച്ച് വീഡിയോ ചിത്രീകരിക്കാനുള്ള ഭാര്യയുടെ ആവേശവുമാണ് പലരും ചൂണ്ടിക്കാട്ടിയത്. പുരുഷനും സ്ത്രീക്കും പക്വതയും പരസ്പര ധാരണയും അത്യാവശ്യമാണ്. അല്ലെങ്കിൽ ഇത്തരം ബന്ധങ്ങൾ അർത്ഥശൂന്യമാകുമെന്നും റീൽ എടുക്കാൻ ഭർത്താവിന് എത്രത്തോളം സമ്മർദ്ദം സഹിക്കേണ്ടി വന്നെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ലെന്നും റീലുകൾ ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
ജീവിതത്തിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങി മുന്നോട്ട് പോകുന്ന ഒരു വ്യക്തിയായി മാത്രമാണ് ഈ ലോക്കോ പൈലറ്റിനെ പലരും കണ്ടത്. ദീർഘമായ ജോലിസമയം, ഉറക്കമില്ലായ്മ, ഉയർന്ന ഉത്തരവാദിത്തം എന്നിവ കാരണം തൊഴിലാളികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ മുൻപും ചർച്ചയായിട്ടുണ്ട്.
ഈ വീഡിയോ, ജോലികഴിഞ്ഞ് വീട്ടിലെത്തുന്ന ഒരാൾക്ക് ലഭിക്കേണ്ട വിശ്രമത്തിനോ വൈകാരികമായ പരിഗണനയ്ക്കോ പകരം, സോഷ്യൽ മീഡിയയിലെ ലൈക്കിനും വ്യൂസിനും വേണ്ടി സമ്മർദ്ദം ചെലുത്തുന്ന പ്രവണതയെയാണ് തുറന്നുകാട്ടുന്നത്.