സംഗീത പരിപാടിക്കിടെ ഗായിക ബില്ലി ഐലിഷിന് നേരെ അതിക്രമം: സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുന്നു
Saturday, October 11, 2025 4:15 PM IST
പോപ് സംഗീത ലോകത്തെ സൂപ്പർ താരവും ഗ്രാമി അവാർഡ് ജേതാവുമായ ബില്ലി ഐലിഷിന്, മിയാമി സംഗീത വേദിയിൽ അപ്രതീക്ഷിത ആക്രമണം. ഒക്ടോബർ ഒമ്പതിന് ഫ്ലോറിഡയിലെ കസേയ സെന്ററിൽ നടന്ന "ഹിറ്റ് മീ ഹാർഡ് ആൻഡ് സോഫ്റ്റ്' ലോക പര്യടനത്തിനിടെയാണ് സംഭവം.
ആരാധകരുമായി സൗഹൃദം പങ്കിടാനായി വേദിക്ക് മുന്നിലെ ബാരിക്കേഡിനരികിലേക്ക് ചെന്ന 23-കാരിയായ ഗായികയെ, ഒരാൾ ആൾക്കൂട്ടത്തിലേക്ക് ബലമായി വലിച്ചിടുകയായിരുന്നു. തന്റെ ഹിറ്റ് ഗാനമായ "എവരിതിംഗ് ഐ വാണ്ടഡ്' അവതരിപ്പിക്കുന്നതിനിടയിൽ, പതിവ് പോലെ ബില്ലി ആരാധകരെ അഭിവാദ്യം ചെയ്ത് മുന്നോട്ട് നീങ്ങിയ സമയത്താണ് സംഭവം.
പുറത്തുവന്ന വീഡിയോയിൽ, ഗായികയെ ആരോ ശക്തിയായി മുന്നോട്ട് വലിക്കുന്നതും, തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി അവരെ രക്ഷിക്കുന്നതും കാണാം. അതിക്രമം നടത്തിയ വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും, ഇയാളെ കസേയ സെന്ററിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി മിയാമി പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
പൊതുവേദികളിൽ കലാകാരന്മാർ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഈ സംഭവം വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. "എന്തിനാണ് ആളുകൾ സാമാന്യബോധവുമില്ലാതെ ഇങ്ങനെ പെരുമാറുന്നത്' എന്നും 'കലാകാരനോടുള്ള അനാദരവ് തീർത്തും മോശമാണ്' എന്നും പറഞ്ഞ് നിരവധി ആരാധകരാണ് തങ്ങളുടെ രോഷം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചത്.
നല്ല ആരാധകർക്ക് കലാകാരന്മാരുമായി അടുക്കാൻ കിട്ടുന്ന അവസരങ്ങൾ ഇത്തരം ഭ്രാന്തന്മാർ ഇല്ലാതാക്കുമെന്നും സെക്യൂരിറ്റി ടീം വേഗത്തിൽ പ്രതികരിച്ചത് നന്നായി എന്നും ആളുകൾ അഭിപ്രായപ്പെട്ടു.