ലോംഗ് ഐലൻഡിലെ "ഭീകരഭവനം': പട്ടിണിയിലായ മൃഗങ്ങൾക്കും അവഗണിക്കപ്പെട്ട വയോധികയ്ക്കും ഒടുവിൽ മോചനം
Tuesday, October 7, 2025 3:38 PM IST
ലോംഗ് ഐലൻഡിലെ നോർത്ത്പോർട്ടിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ റെയ്ഡ് നിയമപാലകരെയും സമൂഹത്തെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ലൈസൻസുള്ള വന്യജീവി പുനരധിവാസ പ്രവർത്തകയുടെ വീട്ടിൽ, 200-ലധികം പട്ടിണിയും രോഗാവസ്ഥയിലുമായ മൃഗങ്ങളെയും 95 വയസുള്ള വയോധികയെയും ദയനീയമായ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി.
"ഭീകരഭവനം' എന്ന് അധികൃതർ വിശേഷിപ്പിച്ച ഈ വീട്ടിലാണ് രക്ഷാപ്രവർത്തനം നടന്നത്. ലൈസൻസുള്ള വന്യജീവി പുനരധിവാസ പ്രവർത്തകയായ സമന്ത ബോയ്ഡ്, പങ്കാളി നീൽ വെഷ്ച്ലർ എന്നിവരുടെ വീട്ടിൽ, മൃഗങ്ങളോടുള്ള ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് നിരന്തരമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് ബുധനാഴ്ച റെയ്ഡ് നടത്തിയത്.
വീടിന്റെ ഉള്ളിൽ മാലിന്യക്കൂമ്പാരവും ദുർഗന്ധവുമായിരുന്നു. പൂച്ചകൾ, നായ്ക്കൾ, തത്തകൾ, അണ്ണാൻ, മറ്റ് പലതരം ജീവികൾ ഉൾപ്പെടെയുള്ള 200-ലധികം മൃഗങ്ങളെ, തുരുമ്പെടുത്ത കൂട്ടിൽ, വിസർജ്യത്തിൽ പൊതിഞ്ഞതുമായ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ മൃഗങ്ങൾക്ക് വൃത്തിയുള്ള ഭക്ഷണമോ, ശുദ്ധജലമോ ലഭിച്ചിരുന്നില്ല. അവയിൽ മിക്കവയും അസുഖം ബാധിച്ച നിലയിലും കടുത്ത പട്ടിണിയിലുമായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരതയിൽ മാത്രം സംഭവം ഒതുങ്ങിയില്ല. വീട്ടിലെ മുകൾ നിലയിൽ, ജീവച്ഛവം പോലെ കഴിഞ്ഞിരുന്ന 95 വയസുള്ള ഒരു സ്ത്രീയെയും പോലീസ് കണ്ടെത്തി. ചുറ്റും കുന്നുകൂടിയ മാലിന്യങ്ങളും സാധനസാമഗ്രികളും കാരണം ഒരടി പോലും നീങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു അവർ. കടുത്ത അവഗണനയുടെയും ഒറ്റപ്പെടലിന്റെയും ഇരയായിരുന്നു ഈ വയോധികയെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് സമന്ത ബോയ്ഡിനെതിരെ മൃഗങ്ങളോടുള്ള ക്രൂരതയുടെ നിരവധി കുറ്റങ്ങൾക്കും ദുർബലയായ വയോധികയെ അപകടത്തിലാക്കിയതിനും കേസെടുത്തു. ഇവരുടെ പങ്കാളി വെഷ്ച്ലറിനെതിരെയും അനുബന്ധ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്തു.
സഫോളക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി റേ ടിയർണി ഈ സാഹചര്യം അത്യധികം ദുരിതകരവും ഹൃദയഭേദകവുമാണെന്ന് അഭിപ്രായപ്പെടുകയും, ലൈസൻസുള്ള ഒരു വന്യജീവി പുനരധിവാസ പ്രവർത്തകയ്ക്ക് ഇത്തരമൊരു സ്ഥാപനം എങ്ങനെ നിലനിർത്താൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
രക്ഷപെടുത്തിയ മൃഗങ്ങളെല്ലാം നിലവിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര ചികിത്സയിലാണ്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇവയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള തീവ്രശ്രമം നടക്കുന്നു. അതേസമയം, അവഗണിക്കപ്പെട്ട വയോധികയെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മൃഗങ്ങളുടെ വെറ്ററിനറി പരിശോധനാ ഫലങ്ങളും, വയോധികയുടെ ആരോഗ്യ വിലയിരുത്തലുകളും ലഭിക്കുന്ന മുറയ്ക്ക് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടർമാർ സൂചന നൽകി.