പരപ്പന അഗ്രഹാര ജയിലിൽ വീണ്ടും വിഐപി പരിഗണന: സുരക്ഷാ മതിലുകൾ ഭേദിച്ച പിറന്നാളാഘോഷം, സോഷ്യൽ മീഡിയയിൽ വൈറൽ
Monday, October 6, 2025 6:44 PM IST
ബംഗുളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വീണ്ടും വിവാദച്ചുഴിയിലായിരിക്കുകയാണ്. ജയിലിനുള്ളിൽ ഒരു കുപ്രസിദ്ധ കുറ്റവാളി, തന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിൽ വന്നത്. സീന ഏലീയാസ് ഗുബ്ബച്ചി എന്നറിയപ്പെടുന്ന തടവുകാരൻ, സഹതടവുകാർക്കും പുറത്തുനിന്നുള്ള തന്റെ അനുയായികൾക്കുമൊപ്പം കേക്ക് മുറിച്ച്, ആപ്പിൾ കൊണ്ടുള്ള മാലയണിഞ്ഞ് ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ജയിലിന്റെ സുരക്ഷാ വീഴ്ചയും ഉദ്യോഗസ്ഥരുടെ ഒത്താശയും വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആഘോഷം നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപ് നടന്നതാകാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജയിലിനുള്ളിലേക്ക് മൊബൈൽ ഫോൺ എങ്ങനെ എത്തി, ആരാണ് ഈ വിരുന്നിന് സഹായം നൽകിയത് എന്ന കാര്യങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ വീഡിയോയിൽ സീനയ്ക്കൊപ്പം പിറന്നാളാഘോഷത്തിൽ പങ്കെടുത്ത ആനന്ദ്, അരുൺ, പ്രവീൺ, സൂര്യ, മിഥുൻ, പ്രജ്വൽ, ചേതൻ, അരവിന്ദ്, കാർത്തിക് എന്നിവരടക്കമുള്ള മറ്റ് തടവുകാരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതാദ്യമായല്ല പരപ്പന അഗ്രഹാര ജയിലിലെ നിയമലംഘനങ്ങളും വിഐപി പരിഗണനകളും വാർത്തയാകുന്നത്. കഴിഞ്ഞ വർഷം, രേണുകാസ്വാമി കൊലക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ നടൻ ദർശന്, ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായത് വലിയ വിവാദമായിരുന്നു.
അന്ന് ദർശൻ, വിൽസൺ ഗോർഡൻ നാഗ, കുള്ള സീൻ എന്നീ തടവുകാരും മാനേജർ നാഗരാജിനുമൊപ്പം ജയിൽ ബാറക്കുകൾക്ക് മുന്നിലിരുന്ന് കാപ്പികുടിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഫോട്ടോ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതിനെത്തുടർന്ന് സിസിബി പോലീസ് ജയിലിൽ നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി നിയമവിരുദ്ധ വസ്തുക്കളാണ് കണ്ടെത്തിയത്.
തടവുകാർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്ന പുകയില ഉത്പന്നങ്ങളായ ചൈനീസ്, സ്വാഗത് ഗോൾഡ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, മൊബൈൽ ചാർജറുകൾ, തീപ്പെട്ടി, ലൈറ്ററുകൾ, ചൂടുവെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന കെറ്റിൽ, ചീട്ടുകളിയും അതുമായി ബന്ധപ്പെട്ട കണക്കുകൾ എഴുതിയ ബുക്കുകൾ, ഇരുമ്പ് ദണ്ഡുകൾ, കത്തികൾ, ട്രിമ്മറുകൾ, കത്രികകൾ തുടങ്ങിയ ആയുധങ്ങളും ഉപകരണങ്ങളും ജയിലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം കാര്യക്ഷമമാണ് എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്. ജയിലധികൃതരുടെ അറിവോടെയാണോ ഇത്തരം വലിയ നിയമലംഘനങ്ങൾ നടക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.