മാതൃരാജ്യമാണ് വലുത് കല്യാണമൊക്കെ പിന്നീട്; വരൻ മോക്ഡ്രില്ലിൽ പങ്കെടുക്കാൻ പോയി വിവാഹ ഘോഷയാത്ര ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി
Friday, May 9, 2025 12:48 PM IST
മാതൃ രാജ്യമാണ് കല്യാണത്തേക്കാൾ വലുതെന്നു തെളിയിച്ചിരിക്കുകയാണ് ഒരു വരൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു. അന്നായിരുന്നു ഈ യുവാവിന്റെ വിവാഹവും. വിവാഹത്തിനെത്തേണ്ട യുവാവ് രണ്ടു മണിക്കൂർ വൈകിയാണ് എത്തിയത്. കാരണം മോക്ഡ്രില്ലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബീഹാറിലെ പൂർണിയ ജില്ലക്കാരനാണ് വരൻ സുശാന്ത് കുശ്വാഹ. ബുധനാഴ്ച്ച വൈകിട്ട് ആറുമണിക്ക് വിവാഹഘോഷയാത്ര ആരംഭിച്ച് 40 കിലോമീറ്റർ അകലെ അരാരിയിലുള്ള വധുവിന്റെ വീട്ടിൽ എത്തിച്ചേരും വിധമായിരുന്നു കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
പക്ഷേ, വരൻ അന്നു മോക്ഡ്രില്ലിൽ പങ്കെടുക്കാൻ പോയി.അതോടെ വിവാഹ ഘോഷയാത്ര ആരംഭിക്കാൻ വരന്റെ വീട്ടുകാർക്ക് രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.
മോക്ക് ഡ്രിൽ പൂർത്തിയാക്കിയ ശേഷം, വരൻ വീട്ടിൽ മടങ്ങിയെത്തി ഏകദേശം 8 മണിയോടെയാണ് വിവാഹ ഘോഷയാത്ര ആരംഭിച്ചത്.
തന്റെ രാഷ്ട്രത്തിനാണ് മുൻഗണന നൽകുന്നതെന്നും "സൈനികർ പലപ്പോഴും അതിർത്തികളിൽ സേവനമനുഷ്ഠിക്കാൻ വിവാഹ വേദികൾ വിട്ടുപോകാറുണ്ട്. സാഹചര്യം ആവശ്യമെങ്കിൽ, ഞങ്ങളും അത് ചെയ്യും" എന്നും അദ്ദേഹം പറഞ്ഞു."ഇന്ന് എന്റെ വിവാഹമാണ്, പക്ഷേ അത് മാത്രമല്ല എനിക്ക് ആഹ്ലാദം തോന്നാനുള്ള കാരണം. ഇന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ പ്രവേശിച്ച് അവരുടെ ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി. ഈ അഭ്യാസത്തിൽ പങ്കെടുക്കാൻ കഴിയുന്നത് അഭിമാനകരമായ നിമിഷമാണ്,' എന്നും അദ്ദേഹം വ്യക്തമാക്കി.