ഹോ എന്തൊക്കെ ചെയ്താലാ! ചൈനയിൽ ട്രെൻഡായി റിവേഴ്സ് പേരന്റിംഗ്
Friday, May 9, 2025 10:37 AM IST
വീട്ടിലെ ജോലികൾ പൊതുവേ ചെയ്യുന്നത് അച്ഛനും അമ്മയുമാണ്. മക്കളെക്കൊണ്ട്പണിയെടുപ്പിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല അച്ഛനും അമ്മയ്ക്കും. ഇനി വീട്ടിലെ ജോലി ചെയ്യാൻ അച്ഛനും അമ്മയ്ക്കും വയ്യെങ്കിലോ ഒരു ജോലിക്കാരിയെയോ ജോലിക്കാരനെയോ വെയ്ക്കും. പക്ഷേ, ചൈനയിൽ ഈ ട്രെൻഡ് മാറുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവിടെ ഇപ്പോൾ ട്രെൻഡ് റിവേഴ്സ് പേരന്റിംഗ് ആണത്രേ.
എന്താണ് സംഭവമെന്നല്ലേ. സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം അവർ അങ്ങനെ വിശ്രമിച്ചിരിക്കില്ല. പകരം അവർ വീട്ടിലെ ജോലികളൊക്കെ ചെയ്ത് മാതാപിതാക്കളെ അത്യാവശ്യം സഹായിക്കും. ആ സമയം മാതാപിതാക്കൾക്ക് അൽപ്പം വിശ്രമിക്കാം.
ഇങ്ങനെ മിടുക്കന്മാരായ കുട്ടികളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അങ്ങനെ വൈറലായ ഒരു താരമാണ് ലിയോണിംഗ് പ്രവശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർഥി യുവാൻയുവാൻ. അവൻ തന്റെ ഓരോ ദിവസവും എങ്ങനെയാണെന്നും എന്തൊക്കെ ചെയ്യാറുണ്ടെന്നുമൊക്കെ വീഡിയോയായി അവൻ പോസ്റ്റ് ചെയ്യും. പത്ത് ലക്ഷത്തിലധികമാണ് യുവാൻയുവാന്റെ ഫോളോവേഴ്സ്.
ആഴ്ച്ചയിലെ രണ്ടോ മൂന്നോ ദിവസങ്ങളിൽ അഞ്ച് മണിക്ക് ഉണരുന്ന യുവാൻയുവാൻ അയൽക്കാരന്റെ നായയുമായി നടക്കാനിറങ്ങും. ഇത് പണത്തിനു വേണ്ടി ചെയ്യുന്ന ജോലിയാണ്. സ്കൂൾ വിട്ടു വരുന്പോഴാകട്ടെ അമ്മയെ വിളിച്ച് ഡിന്നറിന് എന്തു വേണമെന്നു ചോദിക്കുകയും അതിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരും. അവൻ തന്നെ ഡിന്നറുണ്ടാക്കും. അമ്മയെ കഴിക്കാൻ വിളിക്കും. ഇത്രയൊക്കെ പോരേ ഒരമ്മയ്ക്ക് സന്തോഷിക്കാൻ. അമ്മയ്ക്കുള്ള മേയ്ക്കപ്പ് സാധനങ്ങൾ പോലും തെരഞ്ഞെടുക്കുന്നതും ഇവൻ തന്നെയാണ്.