വിവാഹത്തിനെത്തണം വെറുതേയല്ല സുരക്ഷിതമായി എത്തണം; വൈറലായൊരു ക്ഷണകത്ത്
Wednesday, May 7, 2025 11:47 AM IST
വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ ഏറെ പ്രാധാന്യം പലപ്പോഴും കല്യാണ ക്ഷമക്കത്തുകൾക്കും നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കാലത്തും എന്തെങ്കിലുമൊക്കെ വ്യത്യസ്തത കത്തുകളിൽ വരുത്താൻ ശ്രമിക്കാറുമുണ്ട് പലരും. ആ വ്യത്യസ്തതയാണ് ക്ഷണക്കത്തുകളെ വൈറലാക്കുന്ന ഘടകം.
എന്തായാലും അടുത്തിടെ വൈറലായ ക്ഷണക്കത്തിലെ ഉള്ളടക്കമാണ് ശ്രദ്ധേയമായത്. ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനൊപ്പം തന്നെ ട്രാഫിക് സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്ന സന്ദേശമാണ് ക്ഷണക്കത്തിലുള്ളത്.
ബിഹാറിലെ ഭഗൽപൂരിൽ നിന്നാണ് ഈ വിവാഹ ക്ഷണക്കത്ത് പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനായ ഡോ. അജയ് സിങ്ങിന്റെ മകൾ ഡോ. സ്നേഹ് കൃതി പ്രാചിയുടേതാണ് ക്ഷണക്കത്ത് എന്നാണ് സൂചന.
ക്ഷണക്കത്തിൽ, വിവാഹതരാകുന്നവർക്കുള്ള പരന്പരാഗതമായ ഏഴ് പ്രതിജ്ഞകൾക്ക് പുറമേ, റോഡ് സുരക്ഷയുടെ കാര്യം സൂചിപ്പിക്കുന്ന എട്ടാമത്തെ ഒരു പ്രതിജ്ഞ കൂടി ഉൾപ്പെടുത്തിയാണ് ഇത് തയാറാക്കിയിരിക്കുന്നത്.
വാഹനം ഓടിക്കുന്ന സമയത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കണം. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കണം, സ്പീഡ് നിയന്ത്രിക്കണം, ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം ഇതിലുണ്ട്. സംസ്കൃതത്തിലും ഹിന്ദിയിലുമാണ് ഈ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.