പ്രതിമയാണെന്നു കരുതി സെൽഫിക്കായി മുതലയെ കെട്ടിപ്പിടിച്ചു; പിന്നെ സംഭവിച്ചത്
Saturday, May 3, 2025 2:44 PM IST
വിനോദ സഞ്ചാരത്തിനു പോകുന്പോൾ സെൽഫിയും ഫോട്ടോയും എടുക്കുന്നതൊക്കെ സ്വാഭാവികമാണ്. ഇന്തോനേഷ്യയിലെ ഒരു വന്യജീവി പാർക്കിൽ ഇങ്ങനെ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് അൽപ്പം ഭീകരമാണ്.
യഥാർത്ഥ മുതലയെ, പ്രതിമയാണെന്ന് തെറ്റിധരിച്ച് സെൽഫി എടുക്കാൻ നടത്തിയ ശ്രമമാണ് അപകടമായത്. ജക്കാർത്തയിൽ നിന്നുള്ള 29 കാരനാണ് അബദ്ധം പറ്റിയത്. കൂട്ടിനുള്ളിൽ കണ്ടത് മുതലയുടെ ശില്പമാണെന്ന് കരുതിയ ഇയാൾ കൂടിനുള്ളിലേക്ക് പ്രവേശിച്ചു. സെൽഫി എടുക്കാൻ ശ്രമിച്ചു. അപ്പോഴാണ് മുതല ആക്രമിച്ചത്.
ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടത് എന്തോ ഭാഗ്യമാണ്. കാരണം അയാൾ മുതലക്കൂട്ടിൽ കയറിയപ്പോഴൊക്കെയും മുതല അനങ്ങാതെ കിടന്നു. ഇതും പ്രതിമയാണെന്നു തെറ്റിധരിക്കാൻ കാരണമായി. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കാലിലാണ് മുതല പിടുത്തമിട്ടത്.
അപ്പോഴാണ് ഇയാൾക്ക് ജീവനുള്ള മുതലയുടെ കൂട്ടിലാണ് താൻ കയറിയതെന്നു മനസിലായത്.
യുവാവിന്റെ നിലവിളി ശബ്ദം കേട്ടെത്തിയ മൃഗശാല ജീവനക്കാർ വളരെ പണിപ്പെട്ടാണ് യുവാവിനെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ച ഇയാളുടെ കാലിൽ 50 ലധികം സ്റ്റിച്ചുകളുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഓരാൾ മുതലയുടെ കൂട്ടിൽ കയറിയിട്ടും ജീവനക്കാർ അറിയാത്തതെന്ത് എന്നാണ് പലരും ചോദിക്കുന്നത്.