"തുടരും!' 58ലെ എംഎക്കാരി റീന റാഫേല്‍
സെബിൻ ജോസഫ്
Monday, April 28, 2025 10:21 AM IST
കോഴിക്കോട്: റിട്ടയര്‍മെന്റിനു ശേഷം 56-ാം വയസില്‍ കോളജ് ജീവിതം. 58-ാം വയസില്‍ ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം. പഠിച്ചതാകട്ടെ എറണാകുളം മഹാരാജാസ് കോളജില്‍. പ്രായം ഒരു നമ്പര്‍ മാത്രമാണെന്നു തെളിയിച്ചിരിക്കുകയാണ് റിട്ട. പഞ്ചായത്ത് സെക്രട്ടറി റീന റാഫേല്‍.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നവര്‍ ശിഷ്ട കാലം വീടിന്റെ നാലുചുവരുകള്‍ക്കിടയില്‍ ഒതുങ്ങിക്കഴിയണമെന്ന പഴഞ്ചന്‍ ചിന്താഗതിമനോഹരമായി പൊളിച്ചെഴുതിയതാണ് റീനയെ വ്യത്യസ്തമാക്കുന്നത്. മഹാരാജാസ് കോളജില്‍ തന്റെ മക്കളുടെ ഒപ്പം പ്രായമുള്ള പിള്ളേരുടെ കൂടെയായിരുന്നു കോളജിലെ ചെത്ത് ജീവിതം.
മഹാരാജാസ് കോളജില്‍ പഠിക്കണമെന്നത് പണ്ടുതൊട്ടേ റീനയുടെ മോഹമായിരുന്നതിനാല് പ്രായമൊന്നും തടസമായില്ല. റെഗുലര്‍ വിദ്യാര്‍ഥികളില്‍ ദിവസവും കോളജില്‍ പോയി പഠിച്ചാണ് റീന ജീവിത സ്വപ്നം സാക്ഷാത്കരിച്ചത്.
ബിഎസ്സി മാത്തമാറ്റിക്സും ബിഎഡും നേടിയ കൊച്ചി വൈറ്റില തൈക്കുടം കറുകയില്‍ വീട്ടില്‍ റീന പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സ്ഥിരം ജോലിയിലൂടെ ജീവിതം സ്വസ്ഥമായെങ്കിലും മഹാരാജാസ് കോളജില്‍ പഠിക്കണമെന്ന മോഹം മനസില്‍ നിന്നു മാഞ്ഞിരുന്നില്ല.
ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ച ശേഷം റീന തന്റെ ആഗ്രഹം തുറന്നുപറഞ്ഞതുകേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഈ പ്രായത്തില്‍ ഇനി ഇതൊക്കെ...? നെഗറ്റീവ് അഭിപ്രായങ്ങളൊന്നും റീനയെ സ്വാധീനിച്ചില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ മഹാരാജാസില്‍ പഠിക്കണമെന്നായിരുന്നു മോഹം. പക്ഷെ സീറ്റുകള്‍ പരിമിതമായിരുന്നതിനാല്‍ സ്വപ്നം പൂവണിഞ്ഞില്ല. അങ്ങനെ ഫിലോസഫിയിലേക്കു മനസു കൊണ്ടു വരിച്ചു പഠനം തുടങ്ങി. ആശങ്കകളൊക്കെ അസ്ഥാനത്തായി.
റസലിന്റെയും ഫുക്കേയുടെയും ബഡ്ലറിന്റെയും ചിന്തകൾ റിട്ട.പഞ്ചായത്ത് സെക്രട്ടറിക്കു നന്നായി വഴങ്ങി. എംഎക്കാരിയായിട്ടും അടങ്ങിയിരിക്കാന്‍ റീന തയാറല്ല. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് സ്ഥാപിതമായ മഹാരാജാസിലെ ഫിലോസഫി പഠനവകുപ്പില്‍നിന്ന് പിഎച്ച്ഡി നേടുകയാണ് മോഹം.
പഠനം നിലയ്ക്കുന്നത് ഒരാളുടെ മരണത്തോടെയാണെന്ന ആപ്ത വാക്യത്തിലൂടെ നിലപാട് വ്യക്തമാക്കുകയാണ് റീന. പോപ്പുലര്‍ വെഹിക്കിള്‍സില്‍ ജീവനക്കാരനായ ഭര്‍ത്താവ് റാഫേല്‍ കറുകയിലും മക്കളായ അമലും അലനും പിന്തുണയുമായി കൂടെയുണ്ട്.