എന്റമ്മേ ഇതെന്തൊരു അലങ്കാരം, കയ്യിൽ കിട്ടിയതെല്ലാം ഉണ്ടല്ലോ?
Thursday, April 24, 2025 11:14 AM IST
ഇന്ത്യയിൽ വിവാഹത്തിന് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കുമൊന്നും ഒരു കുറവുമുണ്ടാകാറില്ല. അതിനായി എത്ര പണം ചെലവഴിക്കാനും ഇന്ത്യക്കാർക്ക് മടിയുമില്ല. ഇതിനൊപ്പം വെറൈറ്റി കൂടി ആക്കാനുള്ള ശ്രമം കൂടി ആകുന്പോൾ സംഭവം കുറച്ചു കൂടി കളറാകും.
വെറൈറ്റി വിവാഹ വീഡിയോകളിൽ പുതിയൊരണ്ണം കൂടി ഇപ്പോൾ വൈറലാണ്. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് shaima_says എന്ന ഐഡിയിൽ നിന്നാണ്. വിവാഹ രാത്രിക്കായി വധുവിന്റെയും വരന്റെയും മുറി ഒരുക്കിയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിറയെ പൂക്കളുമായി അലങ്കരിച്ചിരിക്കുന്ന കട്ടിലാണ് ആദ്യം കാണുന്നത്. ഇതൊന്നും പോരാഞ്ഞ് കട്ടിലിന്റെ മുകൾ വശം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. പൂമാലകൾ കൊണ്ടാണ് അതു അലങ്കരിച്ചിരിക്കുന്നത്. ഇതൊക്കെ സാധാരണ അലങ്കാരങ്ങളല്ലേ ഇതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു എന്നാണോ ചിന്തിക്കുന്നത്?
അതിൽ അന്പരപ്പിക്കുന്ന ചില കാഴ്ച്ചകളുണ്ട്. പൂക്കൾക്കൊണ്ടുള്ള അലങ്കാരത്തിൽ തൃപ്തി പോരാഞ്ഞിട്ടാണെന്നു തോന്നുന്നു മുന്തിരിക്കുലകളും ആപ്പിളുകളുമൊക്കെ അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഈ അലങ്കാരങ്ങൾ ആളുകൾ രസകരമായി ഏറ്റെടുത്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്.