സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണ പൊതിയിൽ ഒരു കുറിപ്പ്; മിടുക്കനാണെന്ന് കമന്റുകൾ
Wednesday, April 23, 2025 9:47 AM IST
ഭക്ഷണ വിതരണത്തിനായി എത്തുന്ന ഡെലിവറി ജീവനക്കാർ പലപ്പോഴും വൈറലാകാറുണ്ട്. അവരുടെ ചില പ്രവർത്തികൾ മനസലിയിക്കുന്നതാണ്. ചിലതാകട്ടെ അവരോട് ദേഷ്യം തോന്നുന്ന വിധത്തിലുമായിരിക്കും.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഡെലിവറി ജീവനക്കാരന് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ബെംഗളുരുവിൽ നിന്നുള്ള സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനാണ് യുവാവ്. അവൻ വിതരണം ചെയ്യാനുള്ള ഭക്ഷണ പൊതിക്കൊപ്പം ഒരു കുഞ്ഞു കുറിപ്പു കൂടി വെച്ചു. ഭക്ഷണം ഓർഡർ ചെയ്തയാൾ ഭക്ഷണ പൊതി തുറന്നപ്പോൾ ഈ കുഞ്ഞു കുറിപ്പു കണ്ടു. അതിൽ എഴുതിയിരുന്നത് തനിക്ക് ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ട്, അതിനുള്ള അവസരമുണ്ടെങ്കിൽ അറിയിക്കാനാണ്.
നിഖിൽ സി എന്ന പ്രൊഫൈലിൽ നിന്നുമാണ് ഈ കുറിപ്പിന്റെ ഫോട്ടോയടക്കം ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിഖിലായിരുന്നു ഭക്ഷണം ഓർഡർ ചെയ്തിരുന്നത്. ബെംഗളൂരുവിൽ സൊല്യൂഷൻ എഞ്ചിനീയറാണ് നിഖിൽ. സൊമാറ്റോ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ചുകൊണ്ടാണ് നിഖിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഡെലിവറി ജീവനക്കാരൻ കൈകൊണ്ട് എഴുതിയി കുറിപ്പാണ് ഭക്ഷണപ്പൊതിക്കൊപ്പം വെച്ചിരുന്നത്. കുറിപ്പിൽ പറയുന്നത് താനൊരു കോളേജ് വിദ്യാർഥിയാണ്. മാർക്കറ്റിംഗ് മേഖലയിൽ ഇന്റേൺഷിപ്പിനായി അന്വേഷിക്കുകയാണ്. അതിനുള്ള അവസരമുണ്ടെങ്കിൽ അറിയിക്കൂ എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്.
ഞാൻ മാർക്കറ്റിംഗിൽ (സെയിൽസിൽ അല്ല) ഒരു സമ്മർ ഇന്റേൺഷിപ്പിനായി അന്വേഷിക്കുന്ന ഒരു കോളേജ് വിദ്യാർഥിയാണ്. അവസരമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക എന്ന് പറഞ്ഞു കുറിപ്പിൽ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. കുറിപ്പിന്റെ മറുവശത്ത് തന്റെ മോശം കയ്യക്ഷരത്തിന് ക്ഷമയും പറഞ്ഞിട്ടുണ്ട്.
യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചുള്ള നിഖിലിന്റെ പോസ്റ്റിനു താഴെ നരിവധി കമന്റുകളാണ് എത്തുന്നത്. ചില സമയങ്ങളിൽ അവസരങ്ങൾക്കായി ഇങ്ങനെയും അന്വേഷിക്കാം എന്നാണ് നിഖിൽ പോസ്റ്റിനൊപ്പം കുറിപ്പിട്ടിരിക്കുന്നത്. അതോടൊപ്പം ഈ വിദ്യാർഥിക്ക് ആരെങ്കിലും അവസരം നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പറയുന്നു.
നിഖിലിന്റെ പോസ്റ്റിനു നിരവധിപ്പേർ കമന്റിട്ടപ്പോൾ കുറിപ്പെഴുതിയ യുവാവും കമന്റുമായി എത്തിയിട്ടുണ്ട്. കരൺ അന്ധാനി എന്നയാളാണ് ആ ഡെലിവറി ബോയ് ഞാനാണെന്നുള്ള കമന്റുമായി എത്തിയിരിക്കുന്നത്. കൂടാതെ, ഇങ്ങനെയൊരു പോസ്റ്റിട്ടതിനു നന്ദിയും അദ്ദേഹം പറഞ്ഞു.