ഹീറോ ഇവനാണ്; കാണാതായ കുഞ്ഞിനെ കണ്ടെത്തി വളർത്തു നായ
Tuesday, April 22, 2025 3:44 PM IST
അരിസോണയിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി നൽകി ഹീറോയായിരിക്കുകയാണ് ഒരു വളർത്തു നായ. അനറ്റോലിയൻ പൈറനീസിൽ നിന്നുള്ള ബുഫോർഡ് എന്ന വളർത്തുനായയാണ് ഹീറോയായിരിക്കുന്നത്.
യവാപായ് കൗണ്ടി ഷെരീഫ് ഓഫീസാണ് ഇത് സംന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നായയുടെ ഉടമയും ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നായയും ഉടമയും പതിവു നടത്തത്തിനു ഇറങ്ങിയപ്പോഴാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയൊക്കെയായപ്പോഴാണ് സെലിഗ്മാനിലെ ഒരു വീട്ടിൽ നിന്നും രണ്ടു വയസുള്ള ഒരു കുട്ടിയെ കാണാതായി എന്നുള്ള വിവരം യവാപായ് കൗണ്ടി ഷെരീഫ് ഓഫീസിൽ
ലഭിക്കുന്നത്. ഉടൻ തന്നെ 40-ലധികം സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ചിറങ്ങി.
പതിനാറ് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ വീടിവപ വെറും ഏഴു മൈൽ അകലെ വെച്ച് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇവിടെ യഥാർഥ രക്ഷകനായത് ബുഫോർഡ് എന്ന വളർത്തു നായയായിരുന്നു. ഗേറ്റിനു സമീപം എന്തോ കാര്യമായി നോക്കിക്കൊണ്ടിരുന്ന നായയെ കണ്ട് താൻ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടതെന്നാണ് ഉടമ പറഞ്ഞത്. അദ്ദേഹം ഉടനെ കുട്ടിയെ സുരക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
താൻ ഒരു മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങിയപ്പോഴാണ് നായ തന്നെ കണ്ടതെന്നാണ് കുട്ടിയും പറയുന്നത്. നായ തന്നെ ഉപദ്രവിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കുട്ടി പറഞ്ഞു.
എന്തായാലും എല്ലാവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.