"കാപ്പിനൂഡിൽസ്'; നൂഡിൽസിലും പരീക്ഷണങ്ങളൊക്കെ വേണ്ടേ
Monday, April 21, 2025 2:07 PM IST
വിചിത്രമായ വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രശസ്തനാണ് സിംഗപ്പുർ കണ്ടന്റ് ക്രിയേറ്റർ കാൾവിൻ ലീ. ഇദ്ദേഹത്തിന്റെ "ഫുഡ് കോന്പിനേഷൻ' പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ഭക്ഷണപരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ലീ.
ചൂടുകാപ്പി ചേർത്ത് ന്യൂഡിൽസ് തയാറാക്കുന്ന വീഡിയോ ആണ് തരംഗമായത്. ദൃശ്യങ്ങൾ തുടങ്ങുന്പോൾ ലീ അടുക്കളയിൽ നിൽക്കുന്നു. ന്യൂഡിൽസ് കപ്പ് തുറന്ന് അതിലേക്ക് ചൂടു കാപ്പി ഒഴിച്ച് ഇളക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ "കാപ്പിനൂഡിൽസ്' തയാർ. ലീ നൂഡിൽസ് രുചി നോക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വീഡിയോയ്ക്കു വ്യത്യസ്ത പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിലർ വിഭവം തയാറാക്കുമെന്നും രുചിച്ചുനോക്കുമെന്നും പറഞ്ഞപ്പോൾ, മറ്റു ചിലർ "കാപ്പിനൂഡിൽസ്' രുചികരമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.