11 കാരന്റെ വയറിന് അസാധാരണമായ വീക്കം, പരിശോധിച്ചപ്പോൾ കണ്ടത് സ്വർണം
Monday, April 21, 2025 11:32 AM IST
കളിക്കുന്നതിനിടയിൽ കുട്ടികൾ പല സാധനങ്ങളും വിഴുങ്ങാറുണ്ട്. ചൈനയിൽ ഒരു പതിനൊന്നുകാരൻ വിഴുങ്ങിയത് 100 ഗ്രാമുള്ള ഒരു സ്വർണക്കട്ടിയാണ്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ആൺകുട്ടിയാണ് സ്വർണക്കട്ടി വിഴുങ്ങിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ക്വിയാൻ എന്ന ആൺകുട്ടിയാണ് സംഭവ ബഹുലമായ ഇക്കാര്യങ്ങൾക്ക് വിധേയനായത്.
വയറ് വീർത്തിരിക്കുന്നതിൽ അസ്വഭാവികത തോന്നിയ കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. അവർ നോക്കിയപ്പോഴും വേദനയോ മറ്റ് അസ്വസ്ഥതകളൊന്നും ഇല്ല. അതുകൊണ്ടു തന്നെ അവരും ഇതത്ര കാര്യമാക്കിയില്ല. പക്ഷേ, വയറു വീർത്തിരിക്കുന്നതിൽ മാറ്റമൊന്നും കാണാതായതോടെ അവനെ മാതാപിതാക്കൾ സുഷോ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിൽ വെച്ച് എക്സറേ എടുത്ത് നോക്കിയപ്പോൾ കുട്ടിയുടെ കുടലിനുള്ളിൽ ഒരു ഭാരമേറിയ ലോഹ വസ്തു കണ്ടെത്തി. ഈ വസ്തു പുറത്തെത്തിക്കാൻ ശസ്ത്രക്രിയ ഒഴിവാക്കാനായി മരുന്നുകൾ നൽകിയിരുന്നു. പക്ഷേ, രണ്ടു ദിവസത്തിനു ശേഷം സ്കാൻ ചെയ്തപ്പോഴും സ്വർണക്കട്ടി വയറ്റിൽ തന്നെയുണ്ട്. ഇത് കുടലിൽ തന്നെ കിടന്നാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായാലോ എന്നുള്ള ആശങ്കയ്ക്കൊടുവിൽ ശസ്ത്രക്രിയ ചെയ്ത് അത് പുറത്തെടുത്തു. അരണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് സ്വർണക്കട്ടി പുറത്തെടുത്തത്. കുട്ടി ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങി വന്നെന്നും. ക്വിയാന് ഒരു വിധത്തിലുള്ള അപകടങ്ങളും സംഭവിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.