അമ്മ മരിച്ചെന്നു അംഗീകരിക്കാനായില്ല; മകൾ പെൻഷൻ വാങ്ങിയത് മൂന്നു കൊല്ലം
Saturday, April 19, 2025 12:40 PM IST
മാതാപിതാക്കൾക്ക് ലഭിക്കുന്ന വാർധക്യ പെൻഷൻ അവർ മരിക്കുന്നതോടെ നിലയ്ക്കാറാണ് പതിവ്. പക്ഷേ, ഐറിഷ് സ്വദേശിനിക്ക് തന്റെ അമ്മ മരിച്ചു പോയെന്ന് അംഗീകരിക്കാനായില്ല. അതുകൊണ്ട് അമ്മയുടെ കല്ലറയിൽ പൂക്കൾ വെയ്ക്കാനായി മൂന്നു വർഷം പെൻഷൻ വാങ്ങിച്ചു.
'അമ്മ മരിച്ചുപോയി' എന്ന കാര്യം അംഗീകരിക്കാൻ കഴിയാത്തതിനാലും അമ്മയുടെ ഓർമ്മകൾ നിലനിർത്തുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് തട്ടിപ്പ് കണ്ടെത്തിയപ്പോൾ സ്ത്രീ പറഞ്ഞത്.
ഐറിഷിലെ മീത്ത് കൗണ്ടിയിലെ ബെറ്റിസ് ടൗണിലുള്ള മക്ഡൊണാഗ് പാർക്കിൽ നിന്നുള്ളകാതറിൻ ബൈർണറാണ് അമ്മയുടെ മരണം രജിസ്റ്റർ ചെയ്യാതെ അവരുടെ പെൻഷൻ മൂന്ന് വർഷത്തോളം വാങ്ങിയത്.
2019 ലാണ് അമ്മ മരിച്ചത്. അന്നു മുതൽ 2022 വരെ കാതറിൻ വിധവാ പെൻഷനും അലവൻസുകളും കൈപ്പറ്റി. ഇടയ്ക്കെപ്പോഴോ അധികൃതർ നടത്തിയ അന്വേഷണത്തിൽ അമ്മ മരിച്ചുവെന്നു കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തിലാണ് മകൾ നടത്തുന്ന തട്ടിപ്പ് അറിഞ്ഞത്.
ഇതോടെ ഡണ്ടാൽക്ക് സർക്യൂട്ട് കോടതിയിൽ സ്ത്രീക്കെതിരെ പരാതി നൽകി. ഡ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് വഴിയാണ് പണം സ്വീകരിച്ചതെന്നായിരുന്നു അന്വേഷണത്തിനൊടുവിൽ കാതറിന്റെ കുറ്റ സമ്മതം.
അമ്മയുടെവേർപാട് കാതറിനിൽ ഉണ്ടാക്കിയ ആഘാതം മനസിലാകും. പക്ഷേ, മരണം രജിസ്റ്റർ ചെയ്യാതെ നടത്തിയ തട്ടിപ്പ് ഗുരുതര കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. അതിനാൽ, ഇതുവരെ എടുത്ത പണം തിരികെ നൽകണമെന്നും രണ്ട് വർഷത്തെ തടവു ശിക്ഷ അനുഭവിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, തടവു ശിക്ഷ ഒഴിവാക്കാൻ 240 മണിക്കൂർ കമ്യൂണിറ്റി സേവനം ചെയ്താൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.