സൈക്കിളിൽ അഭ്യാസം കാണിച്ച് രണ്ടു വയസുകാരൻ; അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ
Friday, January 29, 2021 9:48 PM IST
കുട്ടികൾ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത് ചെറിയ മുച്ചക്ര സൈക്കിളിലാണ്. കുറച്ചുകൂടി പ്രായമാകുന്പോൾ വലിപ്പം കൂടിയ സൈക്കിൾ വാങ്ങും. എന്നാലും സൈഡ് ചക്രങ്ങൾ ഒഴിവാക്കില്ല. ആറു വയസാകുന്പോൾ ചില കുട്ടികൾ സൈഡ് ചക്രങ്ങളുടെ സഹായമില്ലാതെ സൈക്കിൾ ഓടിക്കാൻ തുടങ്ങും.
എന്നാൽ സൈഡ് ചക്രങ്ങളുടെ സഹായമില്ലാതെ സൈക്കിൾ ഓടിക്കുക മാത്രമല്ല, അഭ്യാസം കൂടി കാണിക്കുന്ന രണ്ടുവയസുകാരന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഹാർലി ബെക്കറ്റ് എന്ന രണ്ടുവയസുകാരനാണ് പന്പ് ട്രാക്കിൽ സൈക്കിൾ അനായാസം ഓടിക്കുന്നത്. ഹാർലിയുടെ മാതാപിതാക്കളാണ് വീഡിയോ പകർത്തി പങ്കുവച്ചത്. ഇലക്ട്രിക്ക് സൈക്കിളാണ് ഹാർലി ഓടിക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് അടുത്തുള്ള പാർക്കിലെ സൈക്കിളാണ് ഹാർലി ആദ്യമായി ഓടിക്കുന്നത്. സാധാരണ സുഖകരമായ ഉറക്കം ഹാർലിക്ക് ലഭിക്കുന്നില്ലായിരുന്നു. പാർക്കിൽ പോയി സൈക്കിൾ ഓടിക്കാൻ തുടങ്ങിയതോടെ ഉറക്കം ശരിയായി. ഇതോടെയാണ് മാതാപിതാക്കൾ ഹാർലിക്ക് സൈക്കിൾ വാങ്ങി നൽകിയത്. ഹാർലിയുടെ സൈക്കിൾ ഓട്ടം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് കാഴ്ചക്കാർ.