സമയം കൊല്ലാനായി ചെയ്യുന്ന കാര്യങ്ങള്‍ വൈറലായാല്‍ ആരാണ് ഞെട്ടാത്തത്. അത്തരമൊരു ഞെട്ടലിലാണ് ഡെന്‍മാര്‍ക്കിലെ ഒരു കൂട്ടം സ്ത്രീകള്‍. കാരണം അവര്‍ ബാല്‍ക്കണിയില്‍ നിന്ന് പാടിയത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് കൂടിയായ സാക്ഷാല്‍ ബരാക് ഒബാമയാണ്.

ഡെന്‍മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ വച്ചുള്ള ഒരു രാഷ്ട്രീയ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഒബാമ. താന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നിറങ്ങിയ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ എതിര്‍വശത്തെ ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഒരുകൂട്ടം സ്ത്രീകള്‍ പാടുന്നത് പെട്ടു. കാറില്‍ കയറാതെ അവിടെ നിന്ന ഒബാമ അവരോട് അവരെന്താണ് ചെയ്യുന്നതെന്ന് തിരക്കിയപ്പോള്‍ തങ്ങള്‍ വെറുതെ പാടുകയായിരുന്നെന്ന് അവര്‍ മറുപടി നല്‍കി.

എന്നാല്‍ തനിക്ക് കൂടി കേള്‍ക്കാന്‍ തക്കവണ്ണം പാടാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ ആ സ്ത്രീകള്‍ "ഇന്‍ ഡെന്‍മാര്‍ക്ക് ഐ വാസ് ബോണ്‍’ എന്ന ഗാനം ആലപിച്ചു. ആ വഴിയില്‍ നിന്നു തന്നെ ഒബാമ പാട്ടു മുഴുവന്‍ കേട്ടു.

പാട്ടു തീര്‍ന്നപ്പോള്‍ അദ്ദേഹം കൈയടിച്ചവരെ അഭിനന്ദിച്ചു. അദ്ദേഹം കേള്‍വിക്കാരനായതില്‍ ആ സ്ത്രീകളും ഏറെ സന്തുഷ്ടരായി. പിന്നീട് ബാരാക് ഒബാമ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ പാട്ട് പങ്കുവച്ചു. അതോടെ ഈ ബാല്‍ക്കണി പാട്ട് വൈറലായി മാറുകയും ചെയ്തു.