"മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങൾ’; ആനന്ദ് മഹീന്ദ്രയുടെ "രസ'ക്കുറിപ്പ്
Tuesday, April 30, 2019 12:14 PM IST
ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേക അടുപ്പം സൂക്ഷിക്കാതെ സമദൂര നിലപാടിൽ മുന്നോട്ടുപോകുന്ന ഇന്ത്യയിലെ അപൂർവം ചില വ്യവസായികളിൽ ഒരാളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റുകൾ മിക്കവയും വൻ ഹിറ്റാണ്. സരസമായ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുമുണ്ട്.
ഞായറാഴ്ച ഒരു പത്രവാർത്ത പങ്കുവച്ചുകൊണ്ട് അദ്ദേഹം ചെയ്ത ട്വീറ്റാണ് ഇപ്പോൾ ചർച്ചാവിഷയം. ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാൻ 62 വർഷം മൂകനും ബധിരനുമായി അഭിനയിച്ച ഒരാളെ സംബന്ധിച്ചതായിരുന്നു വാർത്ത. ഇതിനൊപ്പം അദ്ദേഹം ഒരു കുറിപ്പുഴെുതി.
ഇതുവായിച്ച് അഞ്ചു മിനിറ്റത്തേക്ക് എനിക്കു ചിരി നിർത്താൻ കഴിഞ്ഞില്ല. ഇത്തരത്തിൽ ഞാൻ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിച്ചു. "ശരിക്കും..! സെൽഫോണിൽ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയുമോ’ എന്ന് ഭാര്യ തിരിച്ചു ചോദിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങൾ എന്നും അദ്ദേഹം കുറിപ്പിനൊടുവിൽ കൂട്ടിച്ചേർത്തു.