ഹൽവയും മിഠായിയും നല്കി യാത്രയാക്കി, പിന്നെ കണ്ടത് വിഷംകൊണ്ടു നീലിച്ച ആ കുഞ്ഞുശരീരം: ഷഹ്‌ലയെക്കുറിച്ച് ചെറിയമ്മയുടെ കണ്ണീർക്കുറിപ്പ്
Friday, November 22, 2019 4:08 PM IST
ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാംക്ലാസുകാരി ഷഹ്‌ലയുടെ വാർത്ത നിറകണ്ണുകളോടെയാണ് കേരളക്കര വായിച്ചറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ഷഹ്‍ല പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകളാണ്.

ഒരുപറ്റം ആളുകളുടെ അനാസ്ഥയിൽ പൊലിഞ്ഞ ആ കുരുന്നുജീവന് ആദരാഞ്ജലികളർപ്പിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇവയിൽ ഏറ്റവും ഹൃദയഭേദകമായത് ഷഹ്‌ലയെക്കുറിച്ച് ചെറിയമ്മയായ ഫസ്ന ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ്. കുടുംബത്തിന്‍റെ കണ്ണിലുണ്ണിയായിരുന്ന ഷഹ്‌ലയെക്കുറിച്ച് മാധ്യമപ്രവർത്തക കൂടിയായ ഫസ്ന വൈകാരികമായി എഴുതിയ കുറിപ്പ് ആരെയും കണ്ണീരണിയിക്കും.

ഫസ്നയുടെ കുറിപ്പിന്‍റെ പൂർണരൂപം...

ന്‍റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിംഗ് കാർഡ് നിർമാതാവ്... അങ്ങനെ പോകുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്‍റെ ഷഹ്‌ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിന്‍റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളിപറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഓരോ അടിയിലും അവൾ എന്‍റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി-പോടി ബന്ധമാണ്. വയനാട്ട് നിന്ന് കോഴിക്കോട്ട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല.

അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11ന് തിരിച്ചുപോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്‍റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കുകയായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്‍റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.